"ബാഴ്‌സലോണയുടെ ഉയിർത്തെഴുന്നേൽപ്പ് അടുത്തു തന്നെ കാണാം"- ഹാലൻഡ് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ലപോർട്ട

Sergio Aguero of Barcelona Press Conference
Sergio Aguero of Barcelona Press Conference / Quality Sport Images/GettyImages
facebooktwitterreddit

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും അടുത്ത സമ്മറിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കുന്ന ക്ലബുകളിൽ ഒന്നായി ബാഴ്‌സയുടെ പേരുമുണ്ട്. ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപ്പോർട്ടയും ഹാലൻഡിന്റെ ഏജന്റായ മിനോ റയോളയും തമ്മിലുള്ള കൂടിക്കാഴ്‌ച ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയും ചെയ്‌തു.

ഹാലൻഡ്‌ തങ്ങളുടെ പ്രിയപ്പെട്ട ക്ലബിൽ കളിക്കണമെന്ന് ഓരോ ആരാധകനും ആഗ്രഹിക്കുമ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പക്ഷെ അത് സ്വപ്‌നം കാണാൻ കഴിയുന്നതിനും അപ്പുറമാണ്. എന്നാൽ അസാധ്യമായത് ഒന്നുമില്ലെന്നാണ് ക്ലബിന്റെ പ്രസിഡന്റായ ലപോർട്ട ബൊറൂസിയ ഡോർട്മുണ്ട് താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകിയത്.

"ഞങ്ങളൊരു ടോപ് ടീമിനെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. എല്ലാം നല്ല രീതിയിൽ ചെയ്‌താൽ നടക്കാത്തതായി ഒന്നുമില്ല. മികച്ച താരങ്ങൾ ബാഴ്‌സയിലേക്ക് വരാൻ സന്നദ്ധരാണ്. ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ നില വീണ്ടെടുത്തു കൊണ്ടിരിക്കുകയുമാണ്." ലപോർട്ട ഫെറൻ ടോറസിനെ അവതരിപ്പിക്കുന്ന ചടങ്ങിൽ പറഞ്ഞു.

ബാഴ്‌സലോണ നിലവിൽ കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഹാലൻഡ് അടക്കമുള്ള മികച്ച താരങ്ങളെ സ്വന്തമാക്കുക സാധ്യമാണോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നാണ് ലപോർട്ട മറുപടി പറഞ്ഞത്. "ലോകത്തെ എല്ലാവരും തയ്യാറായിരിക്കുക. അടുത്തു തന്നെ ബാഴ്‌സലോണയുടെ ഉയിർത്തെഴുന്നേൽപ്പ് നിങ്ങൾക്ക് കാണാൻ കഴിയും." ബാഴ്‌സലോണ പ്രസിഡന്റ് പറഞ്ഞു.

ഫെറൻ ടോറസിന്റെ ട്രാൻസ്‌ഫർ ബാഴ്‌സലോണയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും ലപോർട്ട പറഞ്ഞു. തുടക്കം മുതൽ തന്നെ ബാഴ്‌സലോണയിലേക്ക് വരാൻ താല്പര്യം കാണിച്ച താരം വളരെ ചെറുപ്പമാണെങ്കിലും മികച്ചൊരു കരിയറിലൂടെ കടന്നു പോയിട്ടുണ്ടെന്നും ലപോർട്ട അഭിപ്രായപ്പെട്ടു. ഫെറൻ ടോറസിനെപ്പോലെയുള്ള യുവതാരങ്ങൾ ഇനിയും ടീമിലേക്ക് എത്തുമെന്ന സൂചനകളും അദ്ദേഹം നൽകി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.