ട്രാൻസ്ഫർ മാർക്കറ്റിൽ ബാഴ്സ ശ്രദ്ധാലുവാണ്, പുതിയ താരങ്ങളെത്താനുള്ള സാധ്യതയെക്കുറിച്ച് ലപോർട്ട


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന കാലഘട്ടമാണെങ്കിലും ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടാകുന്ന ചലനങ്ങളെ ബാഴ്സലോണ ശ്രദ്ധാപൂർവം വിലയിരുത്തുന്നുണ്ടെന്ന് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. ഇനി വരാനിരിക്കുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിലോ അല്ലെങ്കിൽ അടുത്ത സമ്മർ ജാലകത്തിലോ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ബാഴ്സലോണ നടത്തുന്നുണ്ടെന്നാണ് ലപോർട്ടയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
"ഞങ്ങൾ സ്ക്വാഡിനെ മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ എല്ലായിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. അത് ജനുവരിയിൽ ഉണ്ടാകുമോ അതോ ഈ സീസണു ശേഷമാകുമോയെന്ന് അറിയില്ല. ട്രാൻസ്ഫർ മാർക്കറ്റിലുണ്ടാകുന്ന ഓരോ ചലനങ്ങളെയും ഞങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിക്കൊണ്ടിരിക്കുന്നുണ്ട്," സ്പാനിഷ് മാധ്യമമായ സ്പോർട്ടിനോട് ലപോർട്ട പറഞ്ഞു.
Barcelona are on the lookout for potential signings ?️ #FCBarcelonahttps://t.co/th5UIef2VO
— MARCA in English (@MARCAinENGLISH) October 16, 2021
ഇതു ചെയ്യുന്നതിനു നിരവധി കാര്യങ്ങൾ ആവശ്യമാണെന്നു പറഞ്ഞ ലപോർട്ട ടീമിന് ഉയർന്ന തലത്തിൽ നിലനിൽക്കാൻ ടീമിൽ നിക്ഷേപം നടത്താനും നിയമസഭയോട് അനുവാദം ചോദിക്കുമെന്ന് വ്യക്തമാക്കി. കേളീശൈലി എന്നതിനൊപ്പം ലാ മാസിയയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടുന്ന താരങ്ങളെ അടിസ്ഥാനമാക്കിയാണ് ബാഴ്സ മുന്നോട്ടു പോകുന്നതെന്നും അതു തുടരുമെന്നും ലപോർട്ട പറഞ്ഞു.
ലോകോത്തര കളിക്കാരെ സൃഷ്ടിക്കുകയെന്ന നിലയിലേക്ക് ബാഴ്സലോണ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ലപോർട്ട, മുൻ ബോർഡിനെതിരെ വിമർശനവും നടത്തി. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ചതു പോലെ താരങ്ങളെ ടീമിലെത്തിക്കാൻ വേണ്ടി മാത്രം സ്വന്തമാക്കുകയെന്ന ഉദ്ദേശത്തോടെ കായിക, സാമ്പത്തിക യുക്തികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക യുക്തിയും ഉത്തരവാദിത്വവും നഷ്ടമായാൽ അത് ക്ലബ്ബിനെ അപകടത്തിൽ കൊണ്ടെത്തിക്കുമെന്നു പറഞ്ഞ ലപോർട്ട കഴിഞ്ഞ വർഷങ്ങളിലെ ക്ലബ് മാനേജ്മെന്റ് എടുത്ത മോശം തീരുമാനങ്ങളുടെ ഫലമാണ് നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്നു വ്യക്തമാക്കി. എന്നാൽ അതിൽ നിന്നും ബാഴ്സലോണയെ പുനരുജ്ജീവിപ്പിച്ച് ലോകത്തിനു തന്നെ റഫറൻസ് പോയിന്റാകുന്ന തരത്തിൽ ക്ലബ്ബിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.