Football in Malayalam

"ക്ഷമിക്കണം ലിയോ, നിങ്ങളെ ടീമിൽ നിലനിർത്താൻ ഞാനെന്റെ പരമാവധി ശ്രമിക്കും" - കൈയ്യടി നേടി ലപ്പോർട്ടയുടെ വാക്കുകൾ

Gokul Manthara
FC Barcelona v SD Huesca - La Liga Santander
FC Barcelona v SD Huesca - La Liga Santander / David Ramos/Getty Images
facebooktwitterreddit

ഇന്നലെ വൈകിട്ടായിരുന്നു ജോവൻ ലപ്പോർട്ട ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ജ ചെയ്ത് അധികാരമേറ്റത്. താൻ ബാഴ്സലോണയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ സൂപ്പർ താരം ലയണൽ മെസിയെ ക്ലബ്ബിൽ ഏത് വിധേനയും നിലനിർത്തുമെന്ന് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചിരുന്ന ലപ്പോർട്ട താൻ നൽകിയ വാഗ്ദാനം പാലിക്കാൻ പരമാവധി ശ്രമിക്കുമെന്ന് സത്യപ്രതിഞ്ജ ചെയ്ത് സംസാരിക്കവെ ഒരിക്കൽക്കൂടി വ്യക്തമാക്കി.

മെസിയുൾപ്പെടെയുള്ള ബാഴ്സലോണ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു മെസിയെ ക്ലബ്ബിൽ നിലനിർത്തുന്നതിന് തന്റെ പരമാവധി ശ്രമങ്ങൾ നടത്തുമെന്ന് ലപ്പോർട്ട വ്യക്തമാക്കിയത്. ഇക്കാര്യം മെസിക്കുമറിയാമെന്ന് ചൂണ്ടിക്കാട്ടിയ ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ്, താനും ബാഴ്സലോണയും ലിയോയെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വലിയ കരഘോഷത്തോടെയാണ് ലപ്പോർട്ടയുടെ വാക്കുകളെ സദസ് ഏറ്റെടുത്തത്.

"ഞങ്ങൾ ലിയോയെ ക്ലബ്ബിൽ തുടരാൻ പ്രേരിപ്പിക്കും. ക്ഷമിക്കണം ലിയോ, നിങ്ങളെ ടീമിൽ നിർത്താൻ ഞാൻ എന്റെ പരമാവധി ശ്രമിക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ബാഴ്സലോണയും നിങ്ങളെ സ്നേഹിക്കുന്നു.‌ ഈ സ്റ്റേഡിയം നിറഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ ഇവിടം വിട്ട് പോകാൻ ആഗ്രഹിക്കുമായിരുന്നില്ല. "

ജോവൻ ലപ്പോർട്ട.

അതേ സമയം ഈ വർഷം ജൂൺ വരെ ബാഴ്സലോണയുമായി കരാറുള്ള മെസി തന്റെ ഭാവി കാര്യത്തിൽ ഇതു വരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാ‌ൻ സീസൺ അവസാനം വരെ കാത്തിരിക്കാനാണ് ‌താരത്തിന്റെ പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ലപ്പോർട്ട ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ താരം കറ്റാലൻ ക്ലബ്ബിൽ തുടരാനുള്ള സാധ്യതകൾ വർധിച്ചതായാണ്‌ സൂചനകൾ.

facebooktwitterreddit