മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്ന് ലപോർട്ട

Barcelona President Laporta Admits He Would Like Messi Back
Barcelona President Laporta Admits He Would Like Messi Back / Soccrates Images/GettyImages
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നു പ്രതീക്ഷയുണ്ടെന്ന താരത്തിന്റെ പിതാവായ ജോർജ് മെസിയുടെ വാക്കുകളോട് അനുകൂലമായി പ്രതികരിച്ച് ക്ലബിന്റെ പ്രസിഡന്റ് യോൻ ലപോർട്ട. ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നാണ് ലപോർട്ട പറഞ്ഞത്.

ട്വിച്ച് ചാനലായ ജിജാന്റസ് എഫ്‌സിയോട് സംസാരിക്കുമ്പോഴാണ് മെസി വീണ്ടുമൊരിക്കൽ കൂടി ബാഴ്‌സ ജേഴ്‌സി അണിയുമെന്നു കരുതുന്നുണ്ടോയെന്ന ചോദ്യം ജോർജ് മെസി നേരിട്ടത്. "ഏതെങ്കിലുമൊരു ദിവസം അത് സംഭവിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു" എന്നായിരുന്നു മെസിയുടെ പിതാവ് നൽകിയമറുപടി.

ഇതിനു പിന്നാലെ ഡീപോർട്ടസ് കുവാട്രോയുടെ ഡേവിഡ് ഇബനസാണ്‌ ബാഴ്‌സലോണ പ്രസിഡന്റിനോട് മെസിയെ തിരിച്ചു കൊണ്ടു വരാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചത്. "മെസി ബാഴ്‌സലോണയിലെത്തുന്നത് എനിക്ക് ഇഷ്ട്ടമാണ്" എന്ന അനുകൂല പ്രതികരണമാണ് ലപോർട്ട ഇതിനു നൽകിയത്.

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി മികച്ച പ്രകടനം നടത്താൻ ബുദ്ധിമുട്ടുന്നതിനാൽ താരം സ്പെയിനിലേക്ക് തന്നെ തിരിച്ചെത്തുമെന്നുള്ള റിപ്പോർട്ടുകൾ സജീവമായി വന്നിരുന്നു. ഇപ്പോൾ ജോർജ് മെസിയും അതിനു പിന്നാലെ ലപോർട്ടയും നടത്തിയ പ്രതികരണങ്ങൾ അതിന് ആക്കം കൂട്ടുന്നതാണ്.

എന്നാൽ ഒരു വർഷം കൂടി പിഎസ്‌ജിയുമായി കരാർ ബാക്കിയുള്ള മെസിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും ബാഴ്‌സക്കതിനു കഴിയണമെന്നില്ല. എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിച്ചിരിക്കെ മെസിയെക്കൂടി വിട്ടുകൊടുക്കാൻ ഫ്രഞ്ച് ക്ലബ് തയ്യാറാകില്ലെന്നുറപ്പാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.