ബാഴ്സലോണ പരിശീലകസ്ഥാനത്ത് റൊണാൾഡ് കൂമാനു പരിപൂർണ പിന്തുണ പ്രഖ്യാപിച്ച് ലപോർട്ട


ബാഴ്സലോണ പരിശീലക സ്ഥാനത്ത് റൊണാൾഡ് കൂമാനു തന്റെ പരിപൂർണ പിന്തുണയുണ്ടെന്നു പ്രഖ്യാപിച്ച് കാറ്റലൻ ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന ഡച്ച് പരിശീലകനു കോൺട്രാക്ട് പുതുക്കി നൽകണമെങ്കിൽ ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കേണ്ടതുണ്ടെന്ന റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കെയാണ് ലപോർട്ട തന്റെ പിന്തുണ അറിയിച്ചത്.
പല പ്രധാന താരങ്ങളും ക്ലബ് വിട്ടു പോയെങ്കിലും ക്ലബ്ബിനെ കിരീടനേട്ടങ്ങളിലേക്കു നയിക്കുക, റിക്വി പുയ്ജ് അടക്കമുള്ള യുവതാരങ്ങൾക്ക് അവസരം നൽകുക, അറ്റാക്കിങ് ബ്രാൻഡ് ഫുട്ബോളിന് പ്രാധാന്യം നൽകുക തുടങ്ങിയ നിബന്ധനകളാണ് ബാഴ്സലോണ ബോർഡ് കൂമാനു മുന്നിൽ വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ക്ലബ് മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ ധാരണ ഉണ്ടെന്നാണ് ലപോർട്ട പറയുന്നത്.
He also discussed Dembele, Sergi Roberto and future transfer plans.https://t.co/4yVqapTxSi
— MARCA in English (@MARCAinENGLISH) September 9, 2021
"എല്ലാവർക്കും പരസ്പരം ഇടപെടുന്നതിനുള്ള മാർഗമുണ്ട്. ഞാൻ എല്ലാ ആളുകളോടും നേരിട്ടും വ്യക്തമായും ഇടപെടുന്നയാളാണ്. അദ്ദേഹത്തിന് എന്റെ പൂർണമായ പിന്തുണയുണ്ട്, ബഹുമാനവും. ഞാൻ വളരെയധികം മുന്നോട്ടു പോയെങ്കിൽ അത് ഫുട്ബോളിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഇഷ്ടമായതു കൊണ്ടാണ്. ഒരു ഫുട്ബോൾ ആരാധകനാണ് ഞാനെന്നതു കൊണ്ടു തന്നെ പല വശങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയും.
"റൊണാൾഡിനറിയാം എന്റെ പിന്തുണയുണ്ടെന്ന്. ഞാൻ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ ബാഴ്സലോണ എങ്ങിനെ കളിക്കണമെന്നുള്ള എന്റെ ആശയം ഉപേക്ഷിക്കാതെ തന്നെ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കും. പക്ഷെ അയാൾക്കു ക്ലബ്ബിനെ അറിയാം, ആവേശഭരിതനും പ്രചോദിതനുമാണ്. എല്ലാം മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഞാനും അദ്ദേഹത്തിൽ സന്തുഷ്ടനാണ്, എല്ലാം നല്ല രീതിയിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ലപോർട്ട ലൂക്ക് ഡി ജോങിനെ അവതരിപ്പിക്കുന്ന ചടങ്ങിൽ പറഞ്ഞു.
ലപോർട്ട തന്റെ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും കൂമാനെ സംബന്ധിച്ച് വെല്ലുവിളികളുടെ സീസണാണ് ഇത്തവണത്തേത്. ലയണൽ മെസി, അന്റോയിൻ ഗ്രീസ്മൻ എന്നീ പ്രധാന താരങ്ങളെ നഷ്ടപെട്ടതോടെ ഈ സീസണിൽ കിരീടം സ്വന്തമാക്കുക ബാഴ്സക്ക് ദുഷ്കരമാണ്. ആ വെല്ലുവിളികളെ അതിജീവിച്ച് ബാഴ്സയെ നേട്ടങ്ങളിലേക്ക് നയിക്കാൻ കഴിഞ്ഞാൽ മാത്രമേ ക്ലബിൽ കൂമാന്റെ ഭാവി ഭദ്രമാകൂവെന്ന് ഉറപ്പാണ്.