ബാഴ്സ വിട്ടതിനു ശേഷം മെസിയുമായി സംസാരിച്ചിട്ടില്ല, താരത്തെ ഒഴിവാക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്ന് ലപോർട്ട


ബാഴ്സലോണ വിട്ടു പിഎസ്ജിയിലേക്കു ചേക്കേറിയതിനു ശേഷം ലയണൽ മെസിയുമായി താൻ സംസാരിച്ചിട്ടില്ലെന്ന് കാറ്റലൻ ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. ലയണൽ മെസിയെ വീണ്ടും സൈൻ ചെയ്യണമെങ്കിൽ സിവിസി കരാർ ഒപ്പിടണമെന്ന് ലാ ലിഗ ആവശ്യപ്പെട്ടുവെന്നും ഗ്രീസ്മനെ ഒഴിവാക്കിയാലും പ്രധാന താരങ്ങളുടെ ശമ്പളം കുറച്ചാലും ലാലീഗ അവരുടെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയില്ലെങ്കിൽ മെസിയെ നിലനിർത്താൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"എന്താണ് സംഭവിച്ചതെന്ന് വിശദമാക്കിയതാണ്. വസ്തുനിഷ്ഠമായ വിവരങ്ങൾ കയ്യിലുണ്ട്. ആർക്കും അതു വിശകലനം ചെയ്യാം. സിവിസി കരാർ ഒപ്പിട്ടില്ലെങ്കിൽ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവു വരുത്തില്ലെന്ന് ഞങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടായിരുന്നു," ഇസ്പോർട് 3യോട് സംസാരിക്കുമ്പോൾ ലപോർട്ട പറഞ്ഞു.
Not a word. ?https://t.co/78r2ymJjtn
— MARCA in English (@MARCAinENGLISH) September 7, 2021
"അതിൽ മാർജിനൊന്നും ഇല്ലായിരുന്നു. പ്രീ എഗ്രിമെന്റ് ഉണ്ടായിരുന്നത് ഞങ്ങൾ കൈകൊടുത്ത് അംഗീകരിച്ചു. നിരവധി എഗ്രിമെന്റുകൾ ഉണ്ടായിരുന്നത് ലാ ലിഗ അഗീകരിക്കുമെന്ന് ഞങ്ങൾ കരുതി, എന്നാൽ സിവിസി കരാർ ഒപ്പിട്ടില്ലെങ്കിൽ ഒന്നും അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു. സാഹചര്യങ്ങൾ മെച്ചപ്പെടില്ലെന്നു തോന്നിയതു കൊണ്ട് ഞങ്ങൾ അതിനു അവസാനം കുറിക്കുകയായിരുന്നു."
"ഗ്രീസ്മൻ ക്ലബ് വിട്ടാലും ബാഴ്സലോണ നായകൻമാരുടെ ശമ്പളം വെട്ടിക്കുറച്ചാലും മെസിക്ക് ടീമിനൊപ്പം തുടരാനാകുമായിരുന്നില്ല. എന്നാൽ ഞങ്ങൾ സാലറി ക്യാപ്പ് വളരെയധികം കുറച്ചത് പ്രധാനപ്പെട്ട കാര്യമാണ്, അടുത്ത വർഷം ഞങ്ങൾക്ക് കൂടുതൽ ആഗ്രഹങ്ങളുമായി മുന്നോട്ടു പോകാം."
"ഞങ്ങൾ ആഗ്രഹിച്ച സാഹചര്യമല്ല ഉണ്ടായത് എന്നതു കൊണ്ടു തന്നെ രണ്ടു പാർട്ടികളും ദുഖിതരായിരുന്നു. അതിനു ശേഷം മെസിയുമായി ഞാൻ സംസാരിച്ചിട്ടില്ല. താരത്തിന്റെ പിഎസ്ജി അരങ്ങേറ്റം ഞാൻ കണ്ടിരുന്നു. മറ്റൊരു ജേഴ്സിയിൽ, ബാഴ്സയുടെ എതിരാളികൾക്കു വേണ്ടി താരം കളിക്കുന്നത് വിചിത്രമാണ്. മെസി മറ്റൊരു ജേഴ്സിയിൽ കളിക്കുന്നതു കാണാൻ എനിക്കിഷ്ടമല്ല." ലപോർട്ട വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.