Football in Malayalam

ലയണൽ മെസിയെ ബാഴ്‌സലോണക്ക് സ്വന്തമാക്കാനുള്ള തടസങ്ങളെക്കുറിച്ച് വിശദമാക്കി ക്ലബ് പ്രസിഡന്റ് ലപോർട്ട

Sreejith N
Athletic de Bilbao v FC Barcelona - Spanish Copa del Rey
Athletic de Bilbao v FC Barcelona - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളെപ്പറ്റിയും പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് യോൻ ലപോർട്ട. താരത്തെ നിലനിർത്താൻ ബാഴ്‌സക്കും ക്ലബിനൊപ്പം തുടരാൻ മെസിക്കും താൽപര്യം ഉണ്ടായിരുന്നുവെന്നും, എന്നാൽ ലാ ലിഗ നിയമങ്ങളാണ് അതിനു തടസം സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മെസിയുടെ കരാർ പുതുക്കാനുള്ള ചർച്ചകളുടെ ഭാഗമായ എല്ലാവർക്കും നന്ദിയറിയിച്ച ലപോർട്ട, താരത്തെ ക്ലബിനൊപ്പം നിലനിർത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതിൽ വളരെയധികം സങ്കടമുണ്ടെന്നും പറഞ്ഞു. മെസിയുടെ അഭാവത്തിൽ പുതിയൊരു യുഗം ആരംഭിക്കാൻ പോവുകയാണെന്നു പറഞ്ഞ അദ്ദേഹം ലാ ലിഗ അനുവദിച്ചാൽ മെസിയെ സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് വിഫലമാകുന്ന പ്രതീക്ഷകൾ നൽകാനില്ലെന്നാണ് പ്രതികരിച്ചത്. മെസിക്ക് മറ്റു ക്ലബുകൾ തേടാമെന്നും ലപോർട്ട പറഞ്ഞു.

മെസിയുടെ കരാറുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും ലാ ലിഗ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും അവർ കരാർ സ്വീകരിക്കുമെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും ലപോർട്ട വെളിപ്പെടുത്തി. എന്നാൽ ലാ ലിഗ കൈവിട്ടതോടെ ആ നീക്കങ്ങൾ അസാധ്യമായെന്നും മെസിയുമായി കരാർ പുതുക്കുന്നത് ക്ലബ്ബിനെ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ ബാധിക്കും എന്നതു കൊണ്ട് അതിൽ നിന്നും പിൻവാങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്ലബിൽ തന്നെ തുടരാൻ ആഗ്രഹിച്ച മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നതിൽ വളരെയധികം അസംതൃപ്തിയുണ്ടെന്നും ലപോർട്ട വ്യക്തമാക്കി. അതേസമയം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിലെത്തിയ മെംഫിസ് ഡീപേയ്, അഗ്യൂറോ, എമേഴ്‌സൺ, എറിക് ഗാർസിയ തുടങ്ങിയ താരങ്ങളെ ക്ലബിൽ രജിസ്റ്റർ ചെയ്യാൻ തടസമില്ലെന്നാണ് കരുതുന്നതെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു.

അർജന്റീന നായകൻ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളോട് മെസി ബാഴ്‌സയിൽ തന്നെ കളിക്കുന്നതാണ് തനിക്ക് താത്പര്യമെന്നാണ് ലപോർട്ട പ്രതികരിച്ചത്. പിഎസ്‌ജിയിലേക്ക് മെസി ചേക്കേറുന്നുണ്ടോ എന്നറിയില്ലെന്നും എന്നാൽ താരത്തിന് വേണ്ട തിരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

മെസിയടക്കമുള്ള താരങ്ങലെ രജിസ്റ്റർ ചെയ്യാനുള്ള സാമ്പത്തിക ഉത്തേജനം നൽകുന്ന ലാ ലിഗയുടെ സിവിസി കരാർ അമ്പതു വർഷത്തേക്ക് ക്ലബ്ബിനെ കുരുക്കിലാക്കാനുള്ള നീക്കമാണെന്നും ലപോർട്ട തുറന്നടിച്ചു. കഴിഞ്ഞ ബോർഡിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് നിലവിലെ സാഹചര്യം വന്നതെന്നും അത് തങ്ങൾക്കും ആവർത്തിക്കാൻ കഴിയില്ലെന്നും ബാഴ്‌സലോണ പ്രസിഡന്റ് വ്യക്തത വരുത്തി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit