Football in Malayalam

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെ ബാഴ്‌സലോണയിൽ ഒരുമിപ്പിക്കാനുള്ള നീക്കവുമായി ലപോർട്ട

Sreejith N
Cristiano Ronaldo (R) of Juventus FC and Lionel Messi of FC...
Cristiano Ronaldo (R) of Juventus FC and Lionel Messi of FC... / Nicolò Campo/Getty Images
facebooktwitterreddit

ഫുട്ബോൾ ആരാധകർ വളരെക്കാലമായി ആഗ്രഹിക്കുന്നതാണ് ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായ മെസിയും റൊണാൾഡോയും ഒരു ടീമിനു വേണ്ടി കളിക്കുകയെന്നത്. നിരവധി തവണ എതിരാളികളായി കളിക്കളത്തിൽ കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ലോകഫുട്ബോളിലെ ശക്തികേന്ദ്രങ്ങൾ ഇതുവരെയും ഒരു ചാരിറ്റി മത്സരത്തിൽ പോലും ഒരു ടീമിനു വേണ്ടി കളിച്ചിട്ടില്ല. എന്നാൽ അടുത്ത സീസണിൽ അതിനുള്ള സാധ്യതകൾ തുറക്കുന്നുണ്ടെന്നാണ് സ്പെയിനിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്‌പെയിനിലെ പ്രമുഖ മാധ്യമായ എഎസിൽ ഹാവിയർ മറ്റയാനാസ് എഴുതിയ റിപ്പോർട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി ബാഴ്‌സലോണ ശ്രമം നടത്താനുള്ള സാധ്യതകളെക്കുറിച്ച് വ്യക്തമാക്കുന്നത്. ലയണൽ മെസിയുടെ കരാർ പുതുക്കുന്ന കാര്യം ഏറെക്കുറെ തീരുമാനമായതോടെ ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ടയുടെ അടുത്ത പ്രധാന ലക്ഷ്യവും സ്വപ്‌നവും റൊണാൾഡോയെ ബാഴ്‌സയിലേക്ക് എത്തിക്കുകയെന്നതാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസിന് മുന്നിൽ ബാഴ്‌സലോണ ഇതു സംബന്ധിച്ച ഓഫർ നിലവിൽ വെച്ചിട്ടില്ലെങ്കിലും അതുടനെയുണ്ടായേക്കും. റിപ്പോർട്ട് പ്രകാരം രണ്ടു താരങ്ങളെ ഇതിനു വേണ്ടി യുവന്റസിന് വിട്ടു നൽകാനും ബാഴ്‌സ ഒരുക്കമാണ്. അന്റോയിൻ ഗ്രീസ്മാൻ, ഫിലിപ്പെ കുട്ടീന്യോ അല്ലെങ്കിൽ സെർജി റോബർട്ടോ എന്നിവരെയാണ് ബാഴ്‌സ യുവന്റസുമായുള്ള കൈമാറ്റക്കരാറിന് പരിഗണിക്കുന്നത്.

ടീമിൽ നിന്നും രണ്ടു പ്രധാന താരങ്ങളെ ഒഴിവാക്കുക വഴി റൊണാൾഡോയുടെ ഭീമമായ ശമ്പളം നൽകാൻ ബാഴ്‌സലോണക്ക് കഴിയും. ലപോർട്ടയുടെ പദ്ധതികൾ അദ്ദേഹത്തിന് ചുറ്റുമുള്ള എല്ലാവരും ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും മറ്റയാനസ് വ്യക്തമാക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളെ കാറ്റാലൻ ക്ലബ് എങ്ങിനെ കൈകാര്യം ചെയ്യുമെന്ന സംശയം എല്ലാവരിലും നിലനിൽക്കുന്നുണ്ട്.

ട്രാൻസ്‌ഫർ യാഥാർഥ്യമാവുകയാണെങ്കിൽ ബാഴ്‌സലോണയിലേക്കുള്ള തന്റെ രണ്ടാം വരവിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തിനാണ് ലപോർട്ട വഴിയൊരുക്കുക. മെസി, റൊണാൾഡോ എന്നിവർ ഒരുമിച്ചു കളിച്ചാൽ ലോകഫുട്ബോളിലും മാർക്കറ്റിലും ബാഴ്‌സലോണക്കുണ്ടാകുന്ന മുന്നേറ്റം അപ്രവചനീയമായിരിക്കും.


facebooktwitterreddit