ഫ്രീ ട്രാന്‍സ്ഫറില്‍ രണ്ട് താരങ്ങളെ ടീമിലെത്തിക്കാന്‍ ധാരണയായതായി ബാഴ്സലോണ പ്രസിഡന്റ് ജൊവാന് ലപോര്‍ട്ട

ഫ്രീ ട്രാന്‍സ്ഫറില്‍ അടുത്ത സീസണിലേക്കായി രണ്ട് താരങ്ങളെ ടീമിലെത്തിക്കാന്‍ ധാരണയായതായി ബാഴ്സലോണ പ്രസിഡന്റ് ജൊവാന് ലപോര്‍ട്ട. എന്നാല്‍ ഏതെല്ലാം താരങ്ങളുമായാണ് ധാരണയിൽ എത്തിയതെന്ന കാര്യം ലപോര്‍ട്ട വ്യക്തമാക്കിയിട്ടില്ല.
"അടുത്ത സീസണിലേക്ക് വേണ്ടി ഞങ്ങള്‍ രണ്ട് സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒന്ന് മധ്യനിരയിലും ഒന്ന് സെന്റർ-ബാക്കിലുമാണ്. പക്ഷെ അവര്‍ ആരെല്ലാമെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല," ആർഎസി1നോട് ലപോർട്ട പറഞ്ഞു.
താരങ്ങളുടെ പേര് വെളിപ്പെടുത്താൻ ലപോർട്ട തയ്യാറായില്ലെങ്കിലും, അത് ആരൊക്കെയാണെന്ന് മനസിലാക്കാൻ 90minന് സാധിച്ചിട്ടുണ്ട്.
എ.സി മിലാന്റെ മധ്യനിര താരം ഫ്രാങ്ക് കെസ്സി, ചെല്‍സിയുടെ പ്രതിരോധ താരം ആന്‍ഡ്രിയാസ് ക്രിസ്റ്റൻസൻ എന്നിവരുമായാണ് ബാഴ്സലോണ ധാരണയിലെത്തിയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്.
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നാലു താരങ്ങളെയെങ്കിലും ബാഴ്സലോണ ടീമിലെത്തിക്കുമെന്ന് ലപോര്‍ട്ട നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിൽ ഒബമയാങ്, അഡമ ട്രവോറെ, ഫെറാന്‍ ടോറസ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ച ബാഴ്സോലണ ഇപ്പോള്‍ മികച്ച ഫോമിലാണ്. സീസണിന്റെ തുടക്കത്തില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്ന ബാഴ്സലോണ ലാ ലീഗ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. 28 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് കാറ്റാലന്‍ ക്ലബിന്റെ ലാലിഗയിലെ ഇപ്പോഴുള്ള സമ്പാദ്യം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.