Football in Malayalam

ബാഴ്‌സലോണയെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ശക്തിപ്പെടുത്തും, ആരാധകർക്ക് ഉറപ്പു നൽകി ലപോർട്ട

Sreejith N
Presentation Of Dani Alves As New Player Of FC Barcelona
Presentation Of Dani Alves As New Player Of FC Barcelona / AFP7/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്കിനെതിരായ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തോൽവി വഴങ്ങി യൂറോപ്പ ലീഗിൽ കളിക്കേണ്ട അവസ്ഥയുണ്ടായ ബാഴ്‌സലോണയെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ശക്തിപ്പെടുത്തുമെന്ന ഉറപ്പു നൽകി ക്ലബിന്റെ പ്രസിണ്ടന്റായ യോൻ ലപോർട്ട. ചില പരിമിതികൾ ഇക്കാര്യത്തിൽ ഉണ്ടെങ്കിലും അതിനെ മറികടക്കാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ലപോർട്ട പറഞ്ഞു.

കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതം മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി കൊണ്ട് ടീമിലെ പ്രധാന താരങ്ങളെ നിലനിർത്താൻ കഴിയാതെ വരികയും പുതിയ താരങ്ങളെ എത്തിക്കാൻ കഴിയാഞ്ഞതും ബാഴ്‌സലോണയുടെ ഈ സീസണിലെ പദ്ധതികളെ താളം തെറ്റിച്ചിരുന്നു. ഇതിനിടയിൽ പരിക്കിന്റെ തിരിച്ചടികൾ കൂടിയുണ്ടായതോടെയാണ് ലീഗിലും ചാമ്പ്യൻസ് ലീഗിലും ബാഴ്‌സ പുറകോട്ടു പോയത്.

"ചാമ്പ്യൻസ് ലീഗിൽ നിന്നും നമ്മൾ പുറത്തായതിൽ നിങ്ങൾക്കുള്ള നിരാശ ഞാനും പങ്കു വെക്കുന്നു. നമുക്ക് ടീമിനെ ശക്തമാക്കണം എന്ന കാര്യത്തെ എല്ലാവരും അംഗീകരിക്കുന്നു. എന്നാൽ വളരെ വലിയ ചില കരാറുകൾ മുൻപേയുണ്ടായിരുന്നവരിൽ നിന്നും ലഭിച്ചത് വേതന വ്യവസ്ഥകളുടെ മാർജിനിൽ തുടരാൻ നമ്മളെ അനുവദിക്കുന്നില്ല."

"എന്നാൽ ഈ വിന്ററിൽ തന്നെ ടീമിനെ മെച്ചപ്പെടുത്താൻ ഒരു ഫോർമുല കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഞങ്ങളത് ചെയ്യുന്നുണ്ട്, അത് നടപ്പിലാക്കുകയും ചെയ്യും. ഈ സമയത്ത് എല്ലാവരും ഒരേ ദിശയിൽ പണിയെടുത്ത് ക്ലബിന്റെ നല്ലതിനു വേണ്ടി പ്രവർത്തിക്കണം എന്നാവശ്യപ്പെടുന്നു." സോഷ്യൽ മീഡിയയിലൂടെ നൽകിയ സന്ദേശത്തിൽ ലപോർട്ട വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസിനെയാണ് വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ഉന്നം വെച്ചിരിക്കുന്ന പ്രധാന താരം. ഇതിനു പുറമെ കരാർ അവസാനിക്കാനിരിക്കുന്ന ചില താരങ്ങളെയും ക്ലബ് നോട്ടമിട്ടിട്ടുണ്ട്. ഈ സീസണിലെനി ലാ ലിഗയിൽ ടോപ് ഫോറിനായി പൊരുത്തണമെങ്കിൽ തന്നെ ബാഴ്‌സക്ക് ടീമിനെ ശക്തിപ്പെടുത്തേണ്ടത് നിർബന്ധമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit