കെയ്ലിൻ എംബാപ്പെ റയല്‍ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ടെന്ന് മുൻ ബാഴ്സലോണ പ്രസിഡന്റ് ജൊവാൻ ഗാസ്പാർട്

പി.എസ്.ജിയുടെ ഫ്രഞ്ച് യുവ താരം കെയ്ലിൻ എംബാപ്പെ റയല്‍ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ടെന്ന അവകാശവുമായി ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റായ ജൊവാൻ ഗാസ്പാർട്. 2000-2003 കാലഘട്ടത്തില്‍ ബാഴ്സലോണയുടെ പ്രസിഡന്റായിരുന്ന ഗാസ്പാർടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഞാന്‍ നിങ്ങള്‍ക്കൊരു എക്സ്ക്ലൂസീവ് വാര്‍ത്ത നല്‍കുകയാണ്. കെയ്ലിൻ ഇതിനികം റയല്‍ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ട്. എനിക്ക് ഉറപ്പാണ്. ഫ്ളോറന്റീനോയെ എനിക്കറിയാം. എനിക്ക് ഉറപ്പാണ്," ഗാസ്പാർട് മാര്‍ക്കയോട് പറഞ്ഞു.
ഈ സീസണ് അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെ ക്ലബ് വിടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
താരം അടുത്ത സീസണില്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറുമെന്ന് ശക്തമായ റിപ്പോര്‍ട്ടുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഗസ്പാര്ട്ടിന്റെ പ്രസ്താവന. പ്രതിവര്‍ഷം 41.5 മില്യന്‍ പൗണ്ടിന്റെ ഓഫറാണ് റയല്‍ മാഡ്രിഡ് ഫ്രഞ്ച് താരത്തിനായി ഓഫർ ചെയ്തിരിക്കുന്നതെന്നാണ് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ സീസണില്‍ പി.എസ്.ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് എംബാപ്പെ പുറത്തെടുക്കുന്നത്. ഈ സീസണില്‍ പി.എസ്.ജിക്കായി 29 മത്സരങ്ങളിൽ എംബാപ്പെ കളത്തിലിറങ്ങിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കാന്‍ എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്.
പി.എസ്.ജിക്കായി ഇതുവരെ 200 മത്സരങ്ങൾ കളിച്ച എംബാപ്പെ 151 ഗോളുകളും 77 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2017ൽ ഫ്രഞ്ച് ക്ലബായ മൊണോക്കോയില്‍ നിന്നായിരുന്നു പി.എസ്.ജി എംബാപ്പെയെ ടീമിലെത്തിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.