Football in Malayalam

പടിയിറക്കം പ്രഖ്യാപിച്ച് ജോകിം ലോ, ലോകകപ്പിൽ ജർമനിയെ നയിക്കാൻ പുതിയ പരിശീലകനെത്തും

Sreejith N
DFB Press Conference
DFB Press Conference / Handout/Getty Images
facebooktwitterreddit

ജർമനിക്ക് 2014ലെ ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകനായ ജോകിം ലോ വരുന്ന സമ്മറിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ നിന്നും സ്ഥാനമൊഴിയാനൊരുങ്ങുന്നു. ബ്രസീലിൽ വച്ചുനടന്ന ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ വീഴ്ത്തി ലോകകിരീടമുയർത്തിയ ലോക്ക് 2022 ഖത്തർ ലോകകപ്പ് വരെ തുടരാൻ കരാർ ഉണ്ടെന്നിരിക്കെയാണ് യൂറോ കപ്പിനു ശേഷം ജർമൻ ടീമിൽ നിന്നും സ്ഥാനമൊഴിയാൻ ഒരുങ്ങുന്നത്.

ജർമൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ വെബ്‌സൈറ്റിൽ നൽകിയ ഔദ്യോഗിക പ്രസ്താവനയിലാണ് ലോ യൂറോ കപ്പിനു ശേഷം ടീമിന്റെ സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയത്. "2021 സമ്മറിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനു ശേഷം ലോ ദേശീയ ടീം പരിശീലകനെന്ന തന്റെ ഉത്തരവാദിത്വത്തിനു അവസാനം കുറിക്കും.

"2022 വരെ നിലനിൽക്കുന്ന തന്റെ കരാർ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് പിന്നാലെ തന്നെ അവസാനിപ്പിക്കാൻ ലോ തന്നെയാണ് ആവശ്യപ്പെട്ടത്. ജർമൻ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം അംഗീകരിക്കുകയും ചെയ്‌തു," ഔദ്യോഗിക പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.

അസിസ്റ്റന്റായും പ്രധാന പരിശീലകനായും നീണ്ട പതിനഞ്ചു വർഷങ്ങളോളം ജർമൻ ദേശീയ ടീമിനൊപ്പം തുടരാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് സ്ഥാനമൊഴിയുന്നതിനു പിന്നാലെ ലോ പറഞ്ഞത്. മികച്ച വിജയങ്ങളും വേദനിപ്പിക്കുന്ന തോൽവികളും ഉണ്ടായിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കിത്തന്ന ജർമൻ ഫുട്ബോൾ ഫെഡറേഷന് നന്ദി പറയുന്നുവെന്ന് ലോ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ ലോയെ ഒഴിവാക്കണമെന്ന ആവശ്യം നിരവധി പേർ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ജർമനിയുടെ മുൻതാരങ്ങൾ അടക്കമുള്ളവരുടെ വിമർശനങ്ങളെ വകവെക്കാതെ തന്നെ തുടരാൻ അനുവദിച്ച ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഇത്തവണത്തെ യൂറോ കിരീടം ലോക്ക് സ്വന്തമാക്കേണ്ടതുണ്ട്.

facebooktwitterreddit