Football in Malayalam

സ്റ്റിമാക്കിന്റെ കരാർ നീട്ടിയതിനെക്കുറിച്ചും പരിക്കിൽ നിന്നുമുള്ള തിരിച്ചു വരവിനെപ്പറ്റിയും സന്ദേശ് ജിങ്കൻ

Sreejith N
India v United Arab Emirates - AFC Asian Cup Group A
India v United Arab Emirates - AFC Asian Cup Group A / Matthew Ashton - AMA/Getty Images
facebooktwitterreddit

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാക്ക് ഒരു വർഷത്തേക്കു കൂടി കരാർ പുതുക്കിയതിനെ കുറിച്ചും പരിക്കിൽ നിന്നും മോചിതനായി തിരിച്ചു വരാനുള്ള തന്റെ തയ്യാറെടുപ്പിനെ കുറിച്ചും വ്യക്തമാക്കി എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജിങ്കൻ.

ഇന്ത്യൻ ടീമിനു വേണ്ടിയുള്ള സൗഹൃദ മത്സരം കളിക്കുന്നതിനിടെ പരിക്കേറ്റ ജിങ്കനു കഴിഞ്ഞ 2019-20 സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്‌ടമായിരുന്നു. അതിനു ശേഷം കഴിഞ്ഞ സീസണിൽ കളത്തിലിറങ്ങിയ താരത്തിന്റെ ടീമായ എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫൈനൽ വരെയെത്തിയെങ്കിലും ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയോട് കീഴടങ്ങുകയായിരുന്നു.

"എന്റെ പരിക്കിനെ കുറിച്ച് അറിഞ്ഞപ്പോൾ വളരെ നിരാശ തോന്നിയിരുന്നെങ്കിലും ഞാൻ തിരിച്ചു പോയി അതിൽ നിന്നും മടങ്ങി വരാനുള്ള പ്രവർത്തനങ്ങൾ നടത്തി. നമ്മളെക്കാൾ നേടിയവരും നമ്മളെക്കാൾ ബുദ്ധിമുട്ട് അനുഭവിച്ചവരുമായ നിരവധി താരങ്ങളുണ്ട്, അതുകൊണ്ട് സംഭവിക്കുന്നതൊന്നും ഒന്നുമല്ല. ഇതിനെ ജീവിതത്തിലെ യഥാർത്ഥ വെല്ലുവിളിയുമായി താരതമ്യം ചെയ്യാനും കഴിയില്ല."

ചൈനയിൽ വെച്ചു നടക്കുന്ന ഏഷ്യൻ കപ്പിനു യോഗ്യത നേടുകയാണ് ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ അടുത്ത ലക്ഷ്യമെന്നും ജിങ്കൻ പറഞ്ഞു. ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ടൂർണമെന്റിനു യോഗ്യത നേടുകയും അതിനു ശേഷം നോക്ക്ഔട്ട് മത്സരങ്ങൾ വരെയെങ്കിലും എത്താൻ ശ്രമിക്കുമെന്നും ജിങ്കൻ വ്യക്തമാക്കി.

കരാർ പുതുക്കിയ ഇന്ത്യൻ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ കുറിച്ചും ജിങ്കൻ പറഞ്ഞു. "അദ്ദേഹം പ്രീമിയർ ലീഗ്, ലോകകപ്പ് എന്നിങ്ങനെ വളരെ ഉയർന്ന തലത്തിൽ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനൊപ്പം നിൽക്കുകയെന്നത് കൂടുതൽ മനസിലാക്കുകയെന്നു കൂടിയാണ്. എന്നെ വളരെയധികം സഹായിച്ചിട്ടുള്ള സ്റ്റിമാക്ക് ദേശീയ ടീം പരിശീലകനായി തുടരുന്നതിൽ വളരെ സന്തോഷമുണ്ട്." ജിങ്കൻ വ്യക്തമാക്കി.


facebooktwitterreddit