Football in Malayalam

"റഫറിക്ക് നെയ്‌മറുടെ ഓട്ടോഗ്രാഫ് ആവശ്യമുള്ളതു പോലെയായിരുന്നു"- വിമർശനവുമായി ലീപ്‌സിഗ് പരിശീലകൻ

Sreejith N
RB Leipzig v Paris Saint-Germain: Group A - UEFA Champions League
RB Leipzig v Paris Saint-Germain: Group A - UEFA Champions League / Stuart Franklin/GettyImages
facebooktwitterreddit

പിഎസ്‌ജിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിച്ച റഫറി ആന്ദ്രെസ് എക്‌ബെർഗിനെതിരെ വിമർശനവുമായി ആർബി ലീപ്‌സിഗ് പരിശീലകനായ ജെസ്സെ മാർഷ്. ആർബി ലീപ്‌സിഗിന്റെ മൈതാനത്തു വെച്ചു നടന്ന, ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ നെയ്‌മറുടെ ഓട്ടോഗ്രാഫ് ആവശ്യമുള്ളതു പോലെയാണ് റഫറി മത്സരം നിയന്ത്രിച്ചതെന്നാണ് മാർഷ് പറയുന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ എൻകുങ്കുവിലൂടെ മുന്നിലെത്തിയ ലീപ്‌സിഗിനെതിരെ വൈനാൽഡം നേടിയ രണ്ടു ഗോളുകളിലൂടെ പിഎസ്‌ജി തിരിച്ചു വന്നിരുന്നു. എന്നാൽ തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഡൊമിനിക്ക് സോബോസ്‌ലായി നേടിയ പെനാൽറ്റി ഗോളിലൂടെ ആതിഥേയർ സമനില കണ്ടെത്തുകയായിരുന്നു. എക്ബർഗിന്റെ തീരുമാനങ്ങളോട് പ്രതിഷേധിച്ചതിനു മാർഷിനു ഫസ്റ്റ് ഹാഫിൽ മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു.

"ചെറിയ ടീമുകൾക്ക് പകരം റഫറി വലിയ ടീമുകളെ മത്സരത്തിൽ സഹായിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. റഫറിയിൽ നിന്നും ബഹുമാനം നേടുക വളരെ പ്രയാസമായിരുന്നു. നെയ്‌മറിൽ നിന്നും ഓട്ടോഗ്രാഫ് ആവശ്യമുള്ളതു പോലെയായിരുന്നു റഫറി ഉണ്ടായിരുന്നത്." മത്സരത്തിനു ശേഷം മാർഷ് മാധ്യമങ്ങളോട് പറഞ്ഞു.

എട്ടാം മിനുട്ടിൽ തന്നെ മത്സരത്തിൽ മുന്നിലെത്തിയ ലീപ്‌സിഗിനു പന്ത്രണ്ടാം മിനുട്ടിൽ ലീഡുയർത്താനുള്ള അവസരമുണ്ടായിരുന്നു എങ്കിലും പോർച്ചുഗൽ താരം ആന്ദ്രേ സിൽവയെടുത്ത പെനാൽറ്റി ഡോണറുമ്മ രക്ഷപ്പെടുത്തി. ആ പെനാൽറ്റി നഷ്ടമായതൊരു ദൗർഭാഗ്യമായിരുന്നു എങ്കിലും ഡോണറുമ്മ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണെന്നാണ് മാർഷ് പറഞ്ഞത്.

മത്സരത്തിൽ സമനില വഴങ്ങിയതോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എയിൽ പിഎസ്‌ജി രണ്ടാം സ്ഥാനത്തേക്കു വീണു. ക്ലബ് ബ്രൂഗെയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കീഴടക്കിയ സിറ്റി ഒൻപതു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ എട്ടു പോയിന്റാണ് പിഎസ്‌ജിക്കുള്ളത്.

facebooktwitterreddit