റഫിന്യയെ സ്വന്തമാക്കാൻ ബാഴ്സലോണക്കു താൽപര്യമുണ്ടെന്ന് സ്ഥിരീകരിച്ച് ലീഡ്സ് പരിശീലകൻ


ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യയെ സ്വന്തമാക്കാൻ ബാഴ്സലോണക്കു താൽപര്യമുണ്ടെന്ന കാര്യം സ്ഥിരീകരിച്ച് താരത്തിന്റെ ക്ലബായ ലീഡ്സ് യുണൈറ്റഡ് പരിശീലകൻ ജെസ്സെ മാർഷ്. എന്നാൽ ലീഡ്സ് യുണൈറ്റഡിലെ എല്ലാവരും പ്രീമിയർ ലീഗ് തരംതാഴ്ത്തൽ മേഖലയിൽ നിന്നും ക്ലബ്ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും റാഫിന്യയോട് ഇതുവരെയും ട്രാൻസ്ഫറിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും മാർഷ് പറഞ്ഞു.
"പുറത്ത് പറയുന്നത് ഒഴിച്ചു നിർത്തിയാൽ ഡെക്കോയെ കുറിച്ചോ ബാഴ്സലോണയെ കുറിച്ചോ ഞാനൊരു വാക്കു പോലും താരത്തോട് സംസാരിച്ചിട്ടില്ല. എന്നാൽ അതവിടെ നിലനിൽക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. വലിയ പ്രതിഭയുള്ള താരമാണ് റാഫിന്യ. എനിക്കറിയാവുന്ന വലിയ കളിക്കാരനായി അവൻ മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
Jesse Marsch reveals he has not spoken to Brazil star Raphinha about Barcelona's interest https://t.co/ZZ4ertP7YV
— MailOnline Sport (@MailSport) March 31, 2022
"ഇവിടെയുള്ള എല്ലാവരും താരത്തിന്റെ ഫുട്ബോൾ ആസ്വദിക്കാൻ ആഗ്രഹമുള്ളവരാണ്, തീർച്ചയായും താരം സാധ്യമായ സമയമെല്ലാം ഇവിടെ തുടരണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മികച്ചൊരു കളിക്കാരനും വളരെ നല്ലൊരു വ്യക്തിയുമാണ് റഫിന്യ." മാർഷ് സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
ഒസ്മാനെ ഡെംബലെ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമായ സാഹചര്യത്തിലാണ് ബാഴ്സലോണ റാഫിന്യക്കു വേണ്ടി രംഗത്തു വന്നിരിക്കുന്നത്. താരത്തിനും ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് താൽപര്യം. മുൻ ബാഴ്സ താരമായ ഡെക്കോയാണ് റാഫിന്യയുടെ ഏജന്റ് എന്നതിനാൽ ചർച്ചകൾ നടത്താൻ കാറ്റലൻ ക്ലബിന് എളുപ്പമാണ്.
അതേസമയം ഡെംബലെ ബാഴ്സലോണയുമായി കരാർ പുതുക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് സംഭവിക്കുകയാണെങ്കിൽ റഫിന്യയെ ബാഴ്സലോണ സ്വന്തമാക്കാനിടയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.