Football in Malayalam

ജെസ്സെ ലിംഗാര്‍ഡ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല

Haroon Rasheed
Manchester United v BSC Young Boys: Group F - UEFA Champions League
Manchester United v BSC Young Boys: Group F - UEFA Champions League / Visionhaus/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിടില്ല. പുതിയ പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്കിന്റെ നിര്‍ദേശ പ്രകാരമാണ് ലിംഗാര്‍ഡ് യുണൈറ്റഡില്‍ തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് കീഴില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്ന് ലിംഗാര്‍ഡ് ക്ലബ് വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാല്‍ റാങ്‌നിക്കിന്റെ പദ്ധതിയില്‍ ലിംഗാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് താരം ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പം താല്‍ക്കാലികമായി തുടരാന്‍ തീരുമാനിച്ചത്. പ്രീമിയര്‍ ലീഗില്‍ സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങളിൽ മാത്രമാണ് ലിംഗാര്‍ഡ് യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളു.

ക്ലബിൽ അവസരങ്ങൾ കുറഞ്ഞത് കൊണ്ടായിരുന്നു ഇംഗ്ലീഷ് താരം ക്ലബ് വിടാന്‍ തീരുമാനമെടുത്തത്. സീസണ്‍ അവസാനത്തോടെ യുണൈറ്റഡുമായി കരാര്‍ അവസാനിക്കുന്ന ലിംഗാര്‍ഡ് അത് വരെ ക്ലബിൽ തുടരുമെന്നാണ് ദി അത്‌ലറ്റിക്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേ സമയം, നേരത്തെ കരാർ പുതുക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കിയ ഓഫര്‍ ലിംഗാര്‍ഡ് നിരസിച്ചിരുന്നു.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം നേടണമെങ്കില്‍ കൂടുതൽ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ കളിക്കേണ്ടതുണ്ടെന്ന് ലിംഗാർഡിന് അറിയാം. അതുകൊണ്ടാണ് സ്ഥിരമായി കളിക്കാന്‍ അവസരം ലഭിക്കുന്ന ക്ലബിനെ കുറിച്ച് ലിംഗാര്‍ഡ് ചിന്തിക്കുന്നത്. പുതിയ പരിശീലകന്‍ റാങ്‌നിക്കിന് കീഴില്‍ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയും ലിംഗാര്‍ഡിനുണ്ട്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ ലോണടിസ്ഥാനത്തില്‍ വെസ്റ്റ് ഹാമിലെത്തിയ ലിംഗാര്‍ഡ് അവിടെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. വെസ്റ്റ് ഹാമിന് വേണ്ടി 16 മത്സരത്തില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ സ്വന്തമാക്കാന്‍ ലിംഗാര്‍ഡിന് കഴിഞ്ഞിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit