Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ കരാർ വാഗ്ദാനം നിരസിച്ച് ജെസ്സെ ലിംഗാർഡ്; ജനുവരിയിൽ ടീം വിട്ടേക്കും

Haroon Rasheed
Jesse Lingard could leave Man Utd on loan in January
Jesse Lingard could leave Man Utd on loan in January / Julian Finney/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജെസ്സെ ലിംഗാര്‍ഡ് ടീമിന് പുറത്തേക്കെന്ന് റിപോർട്ടുകൾ. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ടീം വിടാൻ ശ്രമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമായ ഡെയിലി മെയിൽ ആണ് റിപ്പോർട്ട് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ ലിംഗാർഡ്, ഒക്ടോബറിൽ ക്ലബ് നൽകിയ പുതിയ കരാർ വാഗ്ദാനം നിരസിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജനുവരിയിൽ സീസൺ അവസാനം വരെയുള്ള ലോണിൽ വെസ്റ്റ് ഹാമിലെത്തിയ ലിംഗാര്‍ഡിന് അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. വെസ്റ്റ് ഹാമിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ഒന്‍പത് ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ലോൺ കാലാവധി കഴിഞ്ഞ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ലിംഗാർഡിനെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വെസ്റ്റ് ഹാം ശ്രമിച്ചിരുന്നെങ്കിലും, ചുവന്ന ചെകുത്താന്മാർ താരത്തെ ടീമിലെ നിലനിറുത്താൻ തീരുമാനിക്കുകയായിരുന്നു.

ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ചർച്ചകൾ ഉപേക്ഷിച്ച ലിംഗാർഡ്, ജനുവരിയിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. 2022 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന ലിംഗാർഡ്, അതിനായി കൂടുതൽ കളിസമയം ലഭിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുക എന്നത് മാത്രമാണ് തനിക്ക് മുന്നിലുള്ള ഓപ്‌ഷൻ എന്ന നിഗമനത്തിലെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത ജൂൺ അവസാനം വരെ മാത്രം കരാർ ഉള്ള ലിംഗാർഡ് ജനുവരിയിൽ ലോണിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിനാണ് മുൻഗണന നൽകുന്നത്. നിലവിലെ സീസണിന് ശേഷം ഫ്രീ ഏജന്റ് ആകുന്ന താരം, അതിന് ശേഷം സ്ഥിരകരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനും പദ്ധതിയിടുന്നു.


facebooktwitterreddit