Football in Malayalam

സ്വന്തം ടീം അഞ്ചു ഗോളിനു ജയിക്കുന്നതിനേക്കാൾ റൊണാൾഡൊക്കിഷ്‌ടം താൻ നേടിയ ഒരേയൊരു ഗോളിലെ ജയമെന്ന് ജെർസി ഡുഡെക്

Sreejith N
Manchester United v Burnley - Premier League
Manchester United v Burnley - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് താരത്തിനൊപ്പം റയൽ മാഡ്രിഡിൽ കളിച്ചിട്ടുള്ള ജെർസി ഡുഡെക്. റയൽ മാഡ്രിഡിന്റെ മുൻ സ്‌ട്രൈക്കറായ റൗളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തമ്മിൽ താരതമ്യം ചെയ്യുമ്പോഴാണ് ഡുഡെക് റൊണാൾഡോയുടെ സ്വയംകേന്ദ്രീകൃത സ്വഭാവത്തെ വെളിപ്പെടുത്തിയത്.

"റൗൾ വളരെ അഹങ്കാരം നിറഞ്ഞ സ്വഭാവത്തിനുടമയാണ്. എന്നാൽ എല്ലാം കൊണ്ടും നോക്കുമ്പോൾ വളരെ സാധാരണ വ്യക്തിത്വം തന്നെയാണ് താരത്തിന്റേത്. മറുവശത്ത് റൊണാൾഡോ വളരെയധികം സ്വയം കേന്ദ്രീകരിച്ചാണ് നിൽക്കുന്നത്, പക്ഷെ താരത്തിന് വിജയം നേടാൻ വലിയ ആഗ്രഹം എപ്പോഴുമുണ്ട്." ഡ്യൂഡെക് പറഞ്ഞത് ഡെയിലി പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.

"താൻ ഗോൾ നേടാതെ ടീം 5-0ത്തിനു വിജയിക്കുന്നതിനേക്കാൾ താരത്തിനിഷ്‌ടമാവുക തന്റെ ഗോളിൽ 1-0ത്തിനു വിജയം നേടുന്നതായിരിക്കും. എന്നാൽ തിരശീലക്കു പിന്നിൽ താരവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്. മറ്റൊരു രീതിയിലാണ് എല്ലാവരും റൊണാൾഡോയെ നോക്കിക്കാണുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിയും." ഡ്യൂഡെക് വ്യക്തമാക്കി.

പോളണ്ട് താരമായ ജേർസി ഡ്യൂഡെക് ലിവർപൂളിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഒരു കരിയറിനു ശേഷമാണ് 2007ൽ റയൽ മാഡ്രിഡിൽ എത്തുന്നത്. 2011 വരെ ലോസ് ബ്ലാങ്കോസിനൊപ്പം ഉണ്ടായിരുന്ന താരം പക്ഷെ ടീമിനായി രണ്ടു മത്സരം മാത്രമാണ് കളിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit