'മറ്റു താരങ്ങളോട് പോച്ചട്ടിനോ ഇങ്ങനെ ചെയ്തിട്ടില്ല' - മെസിയെ പിൻവലിച്ച തീരുമാനത്തെ വിമർശിച്ച് മുൻ പിഎസ്ജി താരം


ലിയോണിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസിയെ പിൻവലിച്ച തീരുമാനത്തിൽ പിഎസ്ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയെ നിശിതമായി വിമർശിച്ച് ക്ലബിന്റെ മുൻ താരമായ ജെറോം റോത്തൻ. ക്ലബിലെ മറ്റൊരു പ്രധാന താരത്തോടും അർജന്റീനിയൻ പരിശീലകൻ ഇതുവരെ കാണിച്ചിട്ടില്ലാത്ത വിവേചനമാണ് മെസിയോടുണ്ടായതെന്ന് റോത്തൻ പറഞ്ഞു.
പിഎസ്ജിക്കു വേണ്ടി മൂന്നാമത്തെ മാത്രം മത്സരം കളിക്കുന്ന മെസിയെ ലിയോണിനെതിരെ എഴുപത്തിയഞ്ചാം മിനുട്ടിലാണ് പോച്ചട്ടിനോ പിൻവലിച്ചത്. ഈ തീരുമാനത്തിൽ അസ്വസ്ഥനായ മെസി അത് പ്രകടമാക്കുകയും ചെയ്തു. പരിക്കിന്റെ ഭീഷണി ഒഴിവാക്കാനാണ് അർജന്റീന താരത്തെ പിൻവലിച്ചതെന്ന് അതിനു ശേഷം മാധ്യമങ്ങളോട് പോച്ചട്ടിനോ വ്യക്തതമാക്കിയെങ്കിലും റോത്തനിന്റെ വിമർശനത്തിൽ നിന്നുമൊഴിവാകാൻ അതിനും കഴിഞ്ഞില്ല.
However, former PSG star Jerome Rothen claimed that Pochettino made a mistake by removing Lionel Messi.#yennewshttps://t.co/io1TntmvfB
— YEN.com.gh | Ghana Trending News ? (@yencomgh) September 22, 2021
"ആകെ തെറ്റിധാരണ ആ സമയത്ത് ഉണ്ടായിരുന്നുവെന്ന് ഞങ്ങൾ കണ്ടതാണ്. ലയണൽ മെസി മൈതാനത്തു തുടരാൻ ആഗ്രഹിച്ചു, എന്നാൽ തന്റെ ഹൃദയവും മനഃസാക്ഷിയും പറയുന്ന ഒരു തീരുമാനമാണ് പോച്ചട്ടിനോ എടുത്തത്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും തികച്ചും അനുചിതമായ ഒന്നായിരുന്നു ഇതെന്നാണ് എനിക്കു തോന്നിയത്, ടീമിലെ മറ്റു താരങ്ങളോട് ഒരിക്കലും പോച്ചട്ടിനോ അങ്ങിനെ ചെയ്തിട്ടില്ല." ആർഎംസി സ്പോർട്ടിനോട് റോത്തൻ പറഞ്ഞു.
"പോച്ചട്ടിനോ വന്നതിനു ശേഷം നെയ്മറായാലും എംബാപ്പെ ആയാലും മോശം പ്രകടനം നടത്തുമ്പോഴും അവരെ കളിക്കളത്തിൽ തന്നെ തുടരാൻ അദ്ദേഹം അനുവദിച്ചിട്ടുണ്ട്. ഡി മരിയ, പരഡെസ്, ഇകാർഡി എന്നിവരെ അപേക്ഷിച്ച് അദ്ദേഹം ഈ താരങ്ങളെ സംരക്ഷിച്ചിരുന്നു. അതിനു ശേഷമാണ് ലയണൽ മെസി വരുന്നത്, പദവിയുടെയും പ്രഭാവത്തിന്റെയും കാര്യത്തിൽ നെയ്മർ, എംബാപ്പെ എന്നിവരേക്കാൾ മികച്ചവനാണ് മെസി."
"അവിടെയെന്താണദ്ദേഹം ചെയ്തതെന്ന് എനിക്കു മനസിലായില്ല. തന്റെ അധീശത്വം അവിടെ അടയാളപ്പെടുത്താൻ അയാൾക്ക് ആഗ്രഹമുണ്ടോ? ഇല്ലെന്നാണ് ഞാൻ കരുതുന്നത്. കാരണം, അവിടെയദ്ദേഹം പൂർണമായും ഉന്മാദാവസ്ഥയിൽ ആയിരുന്നു. അതൊരു ജീനിയസ് നീക്കമാണെന്നു ആരും പറയില്ല. നിങ്ങൾ നിങ്ങളുടെ മികച്ച കളിക്കാരെയാണ് പുറകിൽ നിർത്താൻ പോകുന്നത്. ഇത്തരത്തിലുള്ള സംഭവം ഗുരുതരമായാണ് അവശേഷിക്കുക. അദ്ദേഹം വലിയൊരു തെറ്റാണു ചെയ്തത്," റോത്തൻ വ്യക്തമാക്കി.
റോത്തന്റെ വിമർശനങ്ങൾ അങ്ങിനെ നിൽക്കുമ്പോൾ മെസിയെ പിൻവലിച്ച പോച്ചട്ടിനോയുടെ തീരുമാനം ശരിയായിരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാൽമുട്ടിനു പരിക്കേറ്റതിനെ തുടർന്ന് മെറ്റ്സിനെതിരായ മത്സരത്തിനുള്ള പിഎസ്ജി സ്ക്വാഡിൽ മെസി ഇടം പിടിച്ചിട്ടില്ല. അതേസമയം എത്ര ദിവസം താരം പുറത്തിരിക്കേണ്ടി വരുമെന്നതിൽ വ്യക്തതയില്ല.