Football in Malayalam

പിഎസ്‌ജിക്കൊപ്പമുള്ള മെസിയുടെ കളി കണ്ടിരുന്നെങ്കിൽ ബെൻസിമയുടെ അഭിപ്രായം മാറിയേനെയെന്ന് മുൻ ഫ്രഞ്ച് താരം

Sreejith N
Paris Saint-Germain v Stade de Reims - Ligue 1 Uber Eats
Paris Saint-Germain v Stade de Reims - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

പിഎസ്‌ജിക്കൊപ്പം മെസി നടത്തുന്ന മോശം പ്രകടനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞു ബെൻസിമ നടത്തിയ പരാമർശത്തിനെതിരെ മുൻ ഫ്രഞ്ച് താരമായ ജെറോം റോത്തൻ. മെസിയെ പ്രശംസിച്ചു കൊണ്ടുള്ള ബെൻസിമയുടെ പ്രതികരണം പിഎസ്‌ജിക്കൊപ്പമുള്ള താരത്തിന്റെ പ്രകടനം കണ്ടിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ലെന്നാണ് ജെറോം റോത്തൻ പറഞ്ഞത്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് മെസിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ബെൻസിമ പൂർണമായും തള്ളിക്കളഞ്ഞത്. മെസിയെ വിമർശിക്കുന്നവർക്ക് ഫുട്ബോൾ എന്താണെന്നു മനസിലാവില്ലെന്നാണ് താരം പറഞ്ഞത്. കളിക്കളത്തിൽ എതിരാളികൾ ആയിരുന്നിട്ടും ബെൻസിമ നടത്തിയ ഈ പരാമർശം ഏറെ വാർത്താപ്രാധാന്യം നേടുകയും ചെയ്‌തിരുന്നു.

"കരിം ബെൻസിമ അങ്ങിനെ പറയുന്നത് താരം പിഎസ്‌ജിയുടെ മത്സരങ്ങൾ കണ്ടിട്ടില്ലെന്നതു കൊണ്ടാണ്. കാരണം അതു കണ്ടിട്ടുണ്ടെങ്കിൽ മെസിക്കെതിരെ ചെറിയ വിമർശനം എങ്കിലും അദ്ദേഹം നടത്തിയേനെ." ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ജെറോം റോത്തൻ പറഞ്ഞു. ബാഴ്‌സയിലെ മെസിയല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

"പിഎസ്‌ജിയിലേക്ക് വരുന്നതിനു മുൻപ് നമുക്കറിയാവുന്ന മെസിയല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് ഈ വിമർശനങ്ങൾ ഗുണപരമാണ്, താരത്തെ മോശമായി കാണിക്കുന്നതിനു വേണ്ടി ഉള്ളതല്ല. മെസി തന്റെ ഏറ്റവും മികച്ച തലത്തിൽ കളിക്കാത്തതിന് ഞങ്ങൾക്ക് ഫുട്ബോൾ അറിയില്ലെന്ന അർത്ഥമില്ല." റോത്തൻ പറഞ്ഞു.

പിഎസ്‌ജിയിൽ മെസി മോശം പ്രകടനം തുടരുമ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ബെൻസിമയുള്ളത്. ലീഗ് വണിൽ മെസി ഇതുവരെ ഒരു ഗോൾ മാത്രം നേടിയപ്പോൾ ലാ ലിഗ ടോപ് സ്കോററാണ് ബെൻസിമ. രണ്ടു താരങ്ങളും ഫെബ്രുവരി 15നു നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റുമുട്ടാൻ തയ്യാറെടുത്തു കൊണ്ടിരിക്കയുമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit