Football in Malayalam

ലയണൽ മെസി പോച്ചട്ടിനോയോട് അനാദരവ് കാണിച്ചു, രൂക്ഷവിമർശനവുമായി മുൻ ഫ്രഞ്ച് താരം

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരം ലയണൽ മെസി ക്ലബിന്റെ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോയോട് അനാദരവ് കാണിച്ചുവെന്ന വിമർശനവുമായി മുൻ ഫ്രഞ്ച് താരമായ ജെറോം റോത്തൻ. കോവിഡ് പോസിറ്റിവായ മെസി അതു സംബന്ധിച്ച വിവരങ്ങൾ തന്റെ പരിശീലകനെ കൃത്യമായി അറിയിച്ചില്ലെന്നും മറ്റുള്ളവരിൽ നിന്നാണ് പോച്ചട്ടിനോ അതറിഞ്ഞതെന്നുമുള്ള റിപ്പോർട്ടുകൾ ഫ്രാൻസിൽ ശക്തമായ സാഹചര്യത്തിലാണ് റോത്തൻ അർജന്റീന താരത്തെ വിമർശിച്ചത്.

"നിങ്ങൾ എല്ലായിപ്പോഴും പരിശീലകനെ ബഹുമാനിക്കണം എന്നാണു ഞാൻ പഠിച്ചിട്ടുള്ളത്. പരിശീലകൻ എല്ലാവർക്കും മുകളിൽ നിൽക്കുന്നയാളാണ്. നിങ്ങൾ വലിയ താരമാണോ യൂത്ത് പ്ലെയറാണോ എന്നതവിടെ പ്രധാനപ്പെട്ട കാര്യമല്ല. പരിശീലകൻ എന്നയാൾ എല്ലാറ്റിന്റെയും തലവൻ തന്നെയാണ്."

"മെസി എവിടെയാണെന്ന കാര്യത്തിൽ പോച്ചട്ടിനോക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതൊരുപാട് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു. ഈ സംഭവിച്ചതൊരു നല്ല കാര്യമല്ല, മെസിയിൽ നിന്നുമുണ്ടായ ഇത്തരത്തിലുള്ള പ്രവൃത്തി ഞെട്ടിപ്പിക്കുന്ന ഒന്നാണ്." റേഡിയോ മൊണ്ടേകാർലോയോട് സംസാരിക്കുമ്പോൾ പിഎസ്‌ജിക്കു വേണ്ടി 180 മത്സരങ്ങൾ കളിച്ചിട്ടുള്ള ജെറോം റോത്തൻ വ്യക്തമാക്കി.

"മെസിക്ക് പോച്ചട്ടിനോയിൽ നിന്നും അനാദരവ് ഏൽക്കേണ്ടി വന്നു. പരിശീലകനാവണം ഏറ്റവും കരുത്തുറ്റയാൾ, യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാൾ. അദ്ദേഹത്തെ ഏറ്റവും നല്ല രീതിയിൽ ബഹുമാനിക്കുന്നയാൾ എന്റെ അഭിപ്രായത്തിൽ കിലിയൻ എംബാപ്പയാണ്. മറ്റുള്ളവരിൽ ഞാനത് കാണുന്നില്ല."

"നിങ്ങൾ നിങ്ങളുടെ പരിശീലകനെ ബഹുമാനിച്ചില്ലെങ്കിൽ വിജയം കണ്ടെത്താൻ ഒരിക്കലും സാധിക്കുകയില്ല. പിഎസ്‌ജി കഴിഞ്ഞ വർഷങ്ങളിൽ ഇക്കാരണം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്." റോത്തൻ വ്യക്തമാക്കി.

അർജന്റീനയിൽ വെച്ചു നടന്ന ഒരു സംഗീത പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് ലയണൽ മെസിക്ക് കോവിഡ് വന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ മൂന്നു ദിവസത്തിനകം തന്നെ ഫലം നെഗറ്റിവ് ആയതിനെ തുടർന്ന് താരം ഫ്രാൻസിലേക്ക് മടങ്ങുകയും പിഎസ്‌ജിയിൽ പരിശീലനം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit