Football in Malayalam

നെയ്‌മറുടെ വാക്കുകൾ പിഎസ്‌ജിക്ക് ഗുണകരമല്ല, വിമർശനവുമായി മുൻ താരം

Sreejith N
Neymar
Neymar / BSR Agency/GettyImages
facebooktwitterreddit

ഫുട്‍ബോളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ 2022ൽ ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് അവസാനത്തേതായിരിക്കുമെന്ന പരാമർശം നടത്തിയ നെയ്‌മറെ വിമർശിച്ച് മുൻ പിഎസ്‌ജി താരമായ ജെറോം റോത്തേൻ. ഈ സീസണിൽ പിഎസ്‌ജിക്കു വേണ്ടി ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരത്തിന്റെ വാക്കുകൾ ക്ലബിനോടുള്ള ആത്മാർത്ഥതയില്ലായ്മയാണ് കാണിക്കുന്നതെന്നാണ് റോത്തേൻ പറയുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇരുപത്തിയൊൻപതു വയസുള്ള നെയ്‌മർ അടുത്ത വർഷം ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് കരിയറിൽ അവസാനത്തെ ലോകകപ്പ് ആയിരിക്കാൻ സാധ്യതയുണ്ടെന്നു വ്യക്തമാക്കിയത്. അതിനു ശേഷം നടക്കുന്ന ലോകകപ്പ് വരെയും ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ ഖത്തർ ലോകകപ്പ് ബ്രസീലിയൻ ടീമിനൊപ്പം ഉയർത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

"നെയ്‌മറുടെ പരാമർശങ്ങൾ പിഎസ്‌ജിയെ സംബന്ധിച്ച് ഒട്ടും സുഖകരമല്ല. പരുക്കനായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന താരം ക്ലബിനോടുള്ള പ്രതിബന്ധതയുടെ അഭാവം കാണിക്കുന്നു. നെയ്‌മർ ഫോമിലായിരിക്കുമ്പോൾ മികച്ചൊരു കളിക്കാരനാണ്, പക്ഷെ താരമിപ്പോൾ മോശം അവസ്ഥയിലൂടെ കടന്നു പോകുന്നു എന്നതാണ്, ധൈര്യത്തിന്റെ അഭാവവും നെയ്‌മർക്കുണ്ട്."

"ബ്രസീലിനോടുള്ള താരത്തിന്റെ സ്നേഹം വ്യക്തമാണ്, ലോകകപ്പ് നേടാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അതിനുള്ള അവസാനത്തെ അവസരം അടുത്ത വർഷം ഖത്തറിലാണ്.എന്നാൽ ഇത്രയും നിലവാരമുള്ള ഒരു കളിക്കാരനും ക്ലബിന്റെ ഐക്കണും ആയി നിൽക്കുമ്പോൾ നിങ്ങൾ കൂടുതൽ നൽകണം, സ്വന്തം ഉത്തരവാദിത്വങ്ങളെ നേരിടണം." ജെറോം റോത്തൻ വ്യക്തമാക്കി.

ബാഴ്‌സലോണക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് ഇതുവരെയും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി നൽകാൻ കഴിഞ്ഞിട്ടില്ല എന്നതിനെയാണ് റോത്തേൻ വിമർശിക്കുന്നത്. അതേസമയം മെസി കൂടി ടീമിൽ എത്തിയതോടെ ഈ സീസണിൽ പിഎസ്‌ജിക്ക് അതിനു കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

facebooktwitterreddit