Football in Malayalam

എന്തുകൊണ്ട് ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചില്ല? ഇന്റർ മിലാൻ വൈസ് പ്രസിഡണ്ട് സനേറ്റി പറയുന്നു

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / ATPImages/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിട്ട ലയണൽ മെസിക്കു വേണ്ടി ഇന്റർ മിലാൻ യാതൊരു നീക്കവും നടത്താതിരുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ക്ലബിന്റെ വൈസ് പ്രസിഡന്റും മുൻ അർജന്റീന താരവുമായ ഹാവിയർ സനേറ്റി. മെസി ബാഴ്‌സലോണ വിട്ടത് അപ്രതീക്ഷിതമായിരുന്നു എന്നും അപ്പോഴത്തെ സാമ്പത്തിക സാഹചര്യമാണ് താരത്തിനു വേണ്ടി നീക്കങ്ങൾ നടത്താൻ തടസമായതെന്നുമാണ് അദ്ദേഹം പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് മെസി ബാഴ്‌സ വിടുന്നതിലേക്കും വഴിയൊരുക്കിയത്. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ തന്റെ വേതനം ക്ലബിന് താങ്ങാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ ബാഴ്‌സലോണ വിട്ട മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് ചേക്കേറിയത്.

"ലിയോ ബാഴ്‌സലോണ വിടുമെന്ന് ആരും കരുതിയിരുന്നില്ല. അവസരം വന്ന സമയത്ത് ഞങ്ങൾ മഹാമാരിയുടെ ഇടയിലായിരുന്നു, സത്യമെന്താണെന്നു വെച്ചാൽ അത്രയും വലിയൊരു നിക്ഷേപം അതിനു വേണ്ടി നടത്താൻ കഴിയില്ലായിരുന്നു, അത് ക്ലബിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കാൻ സാധ്യതയുണ്ട്," സനേറ്റി പറഞ്ഞു.

"മൂല്യങ്ങളും തത്വങ്ങളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതും ഒരു തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതും ആണെന്ന് ഞങ്ങൾ മനസിലാക്കുന്നു. കളിക്കളത്തിലും പുറത്തും ഞങ്ങളത് നടപ്പിൽ വരുത്തുന്നു. ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു," ഇന്റർ മിലാൻ ഇതിഹാസം വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധികൾ മൂലം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിന്റെ പ്രധാന താരമായ ലുക്കാക്കുവിനെ ഇന്റർ മിലാനു വിൽക്കേണ്ടി വന്നിരുന്നു. എന്നാൽ അതിനു പകരം കൃത്യമായ റിക്രൂട്മെന്റുകൾ നടത്തിയ ഇന്ററിപ്പോൾ 18 മത്സരങ്ങളിൽ നിന്നും 43 പോയിന്റുമായി സീരി എയിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit