Football in Malayalam

എംബാപ്പയെയും ഹാലൻഡിനെയും ഒരുമിച്ചു സ്വന്തമാക്കാൻ റയൽ മാഡ്രിഡിനു കഴിയുമെന്ന് ലാ ലിഗ പ്രസിഡന്റ്

Sreejith N
Borussia Dortmund v Paris Saint-Germain - UEFA Champions League Round of 16: First Leg
Borussia Dortmund v Paris Saint-Germain - UEFA Champions League Round of 16: First Leg / Alex Grimm/Getty Images
facebooktwitterreddit

കെയ്‌ലിയൻ എംബാപ്പെ, എർലിങ് ബ്രൂട് ഹാലൻഡ് എന്നിവരെ ഒരുമിച്ചു സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് ആഗ്രഹമുണ്ടെങ്കിൽ അതു നടപ്പിലാക്കാൻ അവർക്കു കഴിയുമെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. അതേസമയം വമ്പൻ താരങ്ങളെ സ്വന്തമാക്കി വേതനബിൽ ഉയർത്തിയ പിഎസ്‌ജി ഒരാളെ പോലും ടീമിൽ നിന്നും വിട്ടു കൊടുക്കാതിരിക്കുന്നത് മനസിലാക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി താരം കെയ്‌ലിയൻ എംബാപ്പയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് സജീവമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമാണ് ബാക്കിയുള്ളൂ എങ്കിലും ഫ്രഞ്ച് താരത്തെ വിട്ടു നൽകാൻ പിഎസ്‌ജി തയ്യാറായില്ല. ലയണൽ മെസി, റാമോസ്, ഡോണറുമ്മ, നെയ്‌മർ, എംബാപ്പെ തുടങ്ങി നിരവധി സൂപ്പർതാരങ്ങളുണ്ടായിട്ടും വേതനബില്ലിൽ പിഎസ്‌ജി പ്രശ്‌നങ്ങൾ നേരിടാത്തത് എന്തു കൊണ്ടാണെന്ന സംശയവും ടെബാസ് ഉയർത്തി.

"ഇരുനൂറു മില്യൺ മൂല്യമുള്ള താരങ്ങളെ റയൽ മാഡ്രിഡ് വിറ്റിട്ടുണ്ട്. കെയ്‌ലിൻ എംബാപ്പെ, എർലിങ് ബ്രൂട് ഹാലൻഡ് എന്നിവരെ ഒരുമിച്ച് സ്വന്തമാക്കാൻ വേണ്ടത്ര പണവും അവരുടെ കയ്യിലുണ്ട്. അവർക്ക് പണം നഷ്‌ടമായിട്ടില്ല, അതിനു പുറമെ അവർ വിൽപ്പന നടത്തുകയും ചെയ്തു." കദേന കോപ്പിനോട് ടെബാസ് പറഞ്ഞു.

"400 മില്യൺ യൂറോ നഷ്‌ടമായ ചിലർ അഞ്ഞൂറ് മില്യൻ യൂറോ വേതനത്തിനായി ചിലവഴിക്കുകയും അതിനു പിന്നാലെ എംബാപ്പയെ പോലൊരു താരത്തിനു വേണ്ടിയുള്ള ഓഫർ നിഷേധിക്കുകയും ചെയ്യുന്നതാണു മനസിലാക്കാൻ കഴിയാത്ത കാര്യം. ഫ്രാൻസിലെ നിയമങ്ങൾ പരാജയപ്പെടുകയാണ്, യൂറോപ്യൻ മാർക്കറ്റിനെ അവർ തകർക്കുന്നു, യുവേഫയുടെ സംവിധാനം തന്നെ തെറ്റാണ്."

"ഉണ്ടാകേണ്ടിയിരുന്ന അവസ്ഥകളിൽ നിന്നും നമ്മൾ പുറകോട്ടു പോയിക്കൊണ്ടിരിക്കയാണ്. നിക്ഷേപകർ വരണം, എന്നാൽ അനിയന്ത്രിതമായി പണം ചിലവഴിക്കുകയും നഷ്‌ടം മാത്രം ഉണ്ടാകുന്ന അവസ്ഥയിലല്ല അതു വേണ്ടത്. മറ്റൊന്നിലും ഇത് അനുവദിക്കപ്പെടില്ല."

"ചാമ്പ്യൻസ് ലീഗ് വിജയം നേടുന്നതിനൊപ്പം ഒരു ബില്യൺ യൂറോ നഷ്ടപ്പെടുന്നതിനും അവർ പരിഗണന നൽകുന്നു. ചാമ്പ്യൻസ് ലീഗ് വിജയം നേടി ആരാധകരെ തൃപ്തനാക്കാൻ അവർക്കു കഴിയും. പക്ഷെ, അവർ ഫുട്ബോളിനെ നശിപ്പിക്കുന്നു, അതു വളരെ അപകടകരമാണ്." ടെബാസ് വ്യക്തമാക്കി.

facebooktwitterreddit