അഗ്യൂറോ, ഡീപേ എന്നിവരുമായി കരാർ ഒപ്പിട്ടില്ലായിരുന്നെങ്കിൽ ബാഴ്സക്ക് മെസിയെ ടീമിൽ നിലനിർത്താമായിരുന്നുവെന്ന് ടെബാസ്

Lionel Messi of Barcelona Press Conference
Lionel Messi of Barcelona Press Conference / Eric Alonso/Getty Images
facebooktwitterreddit

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സെർജിയോ അഗ്യൂറോ, മെംഫിസ് ഡീപേ എന്നിവരുമായി കരാറിൽ ഒപ്പിട്ടില്ലായിരുന്നുവെങ്കിൽ ലയണൽ മെസിയെ ടീമിൽ നിലനിർത്താൻ ബാഴ്സലോണക്ക് കഴിയുമായിരുന്നുവെന്ന് ലാലീഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. കഴിഞ്ഞ‌ ദിവസം സ്പാനിഷ് റേഡിയോ സ്റ്റേഷനായ 'കഡേന കോപ്പ്' നോട് സംസാരിക്കവെയായിരുന്നു മെസിക്ക് ബാഴ്സയിൽ തുടരാൻ കഴിയാതിരുന്നതിന് ക്ലബ്ബിന്റെ പുതിയ സൈനിംഗുകൾ കാരണമായെന്ന് ടെബാസ് ചൂണ്ടിക്കാട്ടിയത്.

വിവാദമായ സിവിസി കരാറിൽ ഒപ്പു വെക്കാൻ ബാഴ്സലോണ ആദ്യം തയ്യാറായിരുന്നുവെന്നും എന്നാൽ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ സമ്മർദ്ദം മൂലം‌ അദ്ദേഹം അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംസാരത്തിനിടെ ടെബാസ് വ്യക്തമാക്കി. സിവിസി ഇടപാടിൽ ഒപ്പു വെച്ചിരുന്നുവെങ്കിൽ കളികാരെ ടീമിലെത്തിക്കാൻ അവർക്ക് 15 ശതമാനത്തോളം പണം ലഭിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ടെബാസ് തന്റെ അഭിപ്രായത്തിൽ അവർക്ക് മെസിയുമായി കരാർ ഒപ്പിടാമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

"ഞാൻ ലപ്പോർട്ടയുടെ വീട്ടിൽ അത്താഴം കഴിച്ചു. അദ്ദേഹം സിവിസി കരാർ ഒപ്പിടാൻ അന്ന് സമ്മതിച്ചു. മെസിക്ക് അത് മൂലം കരാർ പുതുക്കാനാകുമോ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ പിന്നീട് എനിക്ക് ലപ്പോർട്ടയിൽ നിന്ന് ഒരു കോൾ ലഭിച്ചു.' നമുക്ക് സിവിസി കരാർ ദ്രുതഗതിയിലാക്കാൻ കഴിയുമോ? കുട്ടി (മെസി) അസ്വസ്ഥനാകുന്നു എന്ന് അദ്ദേഹം പറഞ്ഞു‌." ടെബാസ് വ്യക്തമാക്കി.

സിവിസി കരാറിൽ നിന്ന് പിന്നീട് ബാഴ്സലോണ പിന്മാറിയതിന് കാരണം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസാണെന്ന് ചൂണ്ടിക്കാട്ടുന്ന ടെബാസ്, തനിക്കതിൽ യാതൊരു സംശയവുമില്ലെന്ന് തറപ്പിച്ചു പറയുന്നു. ബാഴ്സ സിവിസി കരാറിൽ ഒപ്പു വെച്ചിരുന്നുവെങ്കിൽ കളികാരെ ഒപ്പിടാൻ അവർക്ക് 15% പണം നൽകാമെന്ന ഉടമ്പടി ഉണ്ടായിരുന്നുവെന്നും തന്റെ അഭിപ്രായത്തിൽ അവർക്ക് മെസിയുമായി കരാർ ഒപ്പിടാൻ കഴിയുമായിരുന്നുവെന്നും ലാലീഗ മേധാവി ഇതിനൊപ്പം വ്യക്തമാക്കി.

""മെംഫിസ്, അഗ്യൂറോ എന്നിവരെപ്പോലുള്ള കളികാരുമായി ലപ്പോർട്ട കരാർ ഒപ്പിട്ടു, അദ്ദേഹം ആ താരങ്ങളെ സൈൻ ചെയ്തില്ലായിരുന്നുവെങ്കിൽ മെസിക്ക് ബാഴ്സയിൽ തുടരാമായിരുന്നു. "

ഹാവിയർ ടെബാസ്
facebooktwitterreddit