ഫ്ലോറന്റീനോ പെരസ് ബാഴ്സലോണയെ ബന്ദിയാക്കിയിരിക്കുന്നു; തുറന്നടിച്ച് ലാലീഗ പ്രസിഡന്റ് ജാവിയർ ടെബാസ്

സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് നിലവിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടി ലാലീഗ പ്രസിഡന്റ് ജാവിയർ ടെബാസ് രംഗത്ത്. ലാലീഗയുടെ സിവിസി കരാറിൽ ഒപ്പുവെക്കാൻ ബാഴ്സലോണ ആദ്യം തയ്യാറായിരുന്നുവെന്നും എന്നാൽ പെരസ് പറഞ്ഞതോടെ അക്കാര്യത്തിൽ അവർ തങ്ങളുടെ മനസ് മാറ്റിയെന്നും പറയുന്ന ടെബാസ്, പെരസ് ബാഴ്സലോണയെ ബന്ദിയാക്കിയിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
"ഫ്ലോറന്റീനോ പെരസ് ബാഴ്സലോണയെ ബന്ദിയാക്കിയിരിക്കുന്നു. റയൽ മാഡ്രിഡ് സിവിസി ഇടപാടിനോട് നോ പറയുന്നതിന് മുൻപ് ഒരു മാസത്തോളം ബാഴ്സലോണ ആ കരാറുമായി യോജിച്ചിരുന്നു," സ്പാനിഷ് മാധ്യമമായ സ്പോർടിന് നൽകിയ അഭിമുഖത്തിൽ ജാവിയർ ടെബാസ് പറഞ്ഞു.
Head of #LaLiga Javier Tebas: 'Florentino Peréz is 'psychologically kidnapping' FC Barcelona'https://t.co/3zi9W0IoOS
— AS English (@English_AS) September 12, 2021
അഭിമുഖത്തിനിടെ ബാഴ്സലോണയിൽ നിന്നുള്ള ലയണൽ മെസിയുടെ വിടവാങ്ങലിനെക്കുറിച്ചും ടെബാസ് സംസാരിച്ചു. കറ്റാലൻ ക്ലബ്ബിൽ നിന്നുള്ള മെസിയുടെ വിടവാങ്ങൽ സാമ്പത്തികപരമായ കാരണങ്ങൾ മൂലമല്ലെന്ന് തനിക്കറിയാമെന്ന് ചൂണ്ടിക്കാട്ടിയ ടെബാസ്, അവിടെ നിന്നുള്ള മെസിയുടെ വിടവാങ്ങൽ തന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ട് സമ്മാനിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.
"അദ്ദേഹത്തിന്റെ (ലയണൽ മെസിയുടെ) വിടവാങ്ങൽ സാമ്പത്തിക കാരണങ്ങളാലല്ലെന്ന് എനിക്ക് അറിയാം. അത് ഒഴിവാക്കാമായിരുന്നു. ഒരു പക്ഷേ മെസിയുടെ വിടവാങ്ങൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെന്നാൽ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ചവനാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഇതു പോലെയൊരു മടക്കം അർഹിച്ചിരുന്നില്ല, ബാഴ്സലോണയിൽ നിന്ന് മാത്രമല്ല, ലാലീഗയിൽ നിന്നും," ലാലീഗ പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.