Football in Malayalam

കഴിഞ്ഞ സീസണിൽ മെസിക്കു നൽകിയ പ്രതിഫലം ഇനി മുതൽ ബാഴ്‌സലോണക്കു നൽകാനാവില്ലെന്ന് ലാ ലിഗ പ്രസിഡന്റ്

Sreejith N
FBL-ESP-LIGA-AWARD
FBL-ESP-LIGA-AWARD / LLUIS GENE/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ മെസിക്കു നൽകിയ അതേ പ്രതിഫലം പുതിയ കരാറൊപ്പിടുമ്പോൾ ബാഴ്‌സലോണക്ക് നൽകാൻ കഴിയില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. ജൂൺ അവസാനിച്ചതോടെ കരാർ പൂർത്തിയായി ഫ്രീ ഏജന്റായ മെസിയുമായി പുതിയ കരാർ ഒപ്പിടുന്നതിനു വേണ്ടി ബാഴ്‌സലോണ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് ടെബാസ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.

"പഴയ കരാറിലുള്ള അതെ കണ്ടീഷനുകളുമായി പുതിയ കോൺട്രാക്‌ട് ഒപ്പിടാൻ മെസിക്ക് കഴിയില്ല. അത് അസാധ്യമാണ്. ബാഴ്‌സലോണക്ക് മാത്രമല്ല, യൂറോപ്പിലെ ഒരു ക്ലബിനും താരത്തിന്റെ പഴയ കോൺട്രാക്റ്റിലുള്ള പ്രതിഫലം നൽകാൻ കഴിയില്ല."

"മെസി ബാഴ്‌സലോണക്കൊപ്പം തുടരുമോ ഇല്ലയോ എന്ന തീരുമാനം ഞാനല്ല, ബാഴ്‌സയാണ് എടുക്കേണ്ടത്. ബാഴ്‌സലോണ ഈ പ്രശ്‌നം പരിഹരിക്കുമെന്നും മെസി ഇവിടെ സ്പെയിനിൽ തന്നെ തുടരുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതാഗ്രഹിക്കുന്നു."

"ഏറ്റവും മികച്ച താരങ്ങൾ ലാ ലിഗയിൽ കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്‌മറും ഇവിടം വിട്ടെങ്കിലും ഞങ്ങൾ വളർന്നു കൊണ്ടിരിക്കയാണ്. അതിനായി ഞങ്ങൾ കൂടുതൽ പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ താരങ്ങളുണ്ടായിട്ടും സീരി എയും ഫ്രഞ്ച് ലീഗും അവരുദ്ദേശിച്ച പോലെ വളർച്ച നേടിയിട്ടില്ല.

"പ്രീമിയർ ലീഗ് കളിക്കാർ ബാലൺ ഡി ഓർ നേടുന്നില്ലെങ്കിലും അതാണ് സ്പോർട്ടിങ് തലത്തിലും സാമ്പത്തിക തലത്തിലും മികച്ച ലീഗായി തുടരുന്നത്. ഞങ്ങൾ കളിക്കാരിൽ വളരെയധികം ആശ്രയിച്ചു നിൽക്കുന്നില്ല. മെസി തുടരണം എന്നാണു ഞങ്ങളുടെ ആഗ്രഹമെങ്കിലും അത് അനിവാര്യതയായി കരുതുന്നില്ല." ടെബാസ് വ്യക്തമാക്കി.

ബാഴ്‌സലോണയുടെ സാലറി ലിമിറ്റിൽ വരുത്തിയ നിയന്ത്രണങ്ങളിൽ യാതൊരു ഇളവും നൽകാൻ കഴിയില്ലെന്നും ടെബാസ് വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം നഷ്‌ടം വർധിച്ചതു കൊണ്ടാണ് ഇത്തരം നടപടികളെന്നും ഇളവുകൾ നൽകുന്നത് കൂടുതൽ നഷ്ടത്തിനു കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

facebooktwitterreddit