Football in Malayalam

ഡെംബലെ വിഷയത്തിൽ ബാഴ്‌സലോണയെ പിന്തുണച്ച് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്

Sreejith N
Granada CF v FC Barcelona - La Liga Santander
Granada CF v FC Barcelona - La Liga Santander / Fran Santiago/GettyImages
facebooktwitterreddit

കരാർ പുതുക്കാൻ തയ്യാറാവാത്ത ഒസ്മാനെ ഡെംബലെ ഉടനെ തന്നെ ക്ലബ് വിടണമെന്ന ബാഴ്‌സ നേതൃത്വത്തിന്റെ തീരുമാനത്തിൽ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ്. കഴിഞ്ഞ ദിവസം സംസാരിക്കേ ബാഴ്‌സയെ പിന്തുണച്ച ഹാവിയർ ടെബാസ് ക്ലബിന്റെ നിലവിലെ സ്പോർട്ടിങ് ഡയറക്ടറായ മാത്യു അലെമണിയിലുള്ള തന്റെ വിശ്വാസവും പ്രകടമാക്കി.

കരാർ പുതുക്കാനുള്ള നിരവധി ഓഫറുകൾ തള്ളിക്കളഞ്ഞ ഡെംബലെ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ബാഴ്‌സലോണ താരത്തോട് ജനുവരിൽ തന്നെ ക്ലബ് വിടണമെന്ന് അറിയിച്ചത്. ഇതിനു പുറമെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെ ഡെംബലെ പ്രതികരണവുമായി രംഗത്തു വന്നെങ്കിലും അതിൽ യാതൊന്നും നിയമവിരുദ്ധമായി ഇല്ലെന്നാണ് ടെബാസ് വ്യക്തമാക്കിയത്.

"ബാഴ്‌സലോണ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തുവെന്ന്‌ ഞാൻ കരുതുന്നില്ല. അലെമണിയെ അറിയുന്നതു പ്രകാരം താരം ഉദരസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് പരിശീലനം നടത്തിയില്ലെന്നാണ് അവർ പറഞ്ഞുള്ള അറിവ്. ഫുട്ബോളിൽ മാത്യു അലെമണിയെപ്പോലെ നിരവധി പേർ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്." ടെബാസ് പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

ജനുവരിയിൽ ഡെംബലെയോട് ബാഴ്‌സ വിടാൻ ആവശ്യപ്പെട്ടു എങ്കിലും ഇതുവരെയും താരം അതിനായി തയ്യാറായിട്ടില്ല. താരത്തിന്റെ ഏജന്റും ബാഴ്‌സലോണയും തമ്മിൽ ഇക്കാര്യത്തിൽ ഒരു കൂടിക്കാഴ്‌ച കൂടി നടത്തുമെന്നും അതിൽ ഡെംബലെയുടെ ഭാവിയെ സംബന്ധിച്ച് അവസാനതീരുമാനം ആകുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit