Football in Malayalam

അർജന്റീന U20 ടീമിന്റെ പരിശീലകനായി ഹാവിയർ മഷറാനോ ജനുവരിയിൽ സ്ഥാനമേറ്റെടുക്കും

Sreejith N
Argentina v Chile: Group D - Copa America Centenario
Argentina v Chile: Group D - Copa America Centenario / Omar Vega/GettyImages
facebooktwitterreddit

മുൻ ബാഴ്‌സലോണ, ലിവർപൂൾ താരമായ ഹാവിയർ മഷറാനോ ജനുവരി മുതൽ അർജന്റീന U20 ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും. അർജന്റീന ഫുട്ബോൾ അസോസിയേഷനും ദേശീയ ടീമിന്റെ ഇതിഹാസവുമായ മഷറാനോയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

നിലവിൽ U20 ടീം പരിശീലകനായ ഫെർണാണ്ടോ ബാറ്റിസ്റ്റ വെനെസ്വല ടീമിന്റെ പരിശീലകനായ ഹോസെ പെക്കർമാന്റെ ബാക്ക്‌റൂം സ്റ്റാഫായി ചേരുന്നതിന്റെ ഭാഗമായാണ് മഷരാനോയെ പകരക്കാരനായി നിയമിക്കാൻ തീരുമാനമായത്. നേരത്തെ യുവതാരങ്ങളെ വളർത്തിയെടുക്കാനും സീനിയർ, ജൂനിയർ ടീമുകൾക്കായി ഒരേ ശൈലിയിലൂന്നിയ താരങ്ങളെ വളർത്തിക്കൊണ്ടു വരാനും മഷറാനോ പ്രവർത്തിച്ചിരുന്നു.

അർജന്റീനക്കു വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമായ മഷറാനോ ആദ്യമായാണ് പരിശീലകവേഷം അണിയാനൊരുങ്ങുന്നത്. അർജന്റീനക്ക് വേണ്ടി രണ്ട് ഒളിമ്പിക് സ്വർണമെഡൽ നേടിയിട്ടുള്ള താരം നാല് ലോകകപ്പിൽ ദേശീയ ടീമിനു വേണ്ടി ബൂട്ടു കെട്ടുകയും 2014ലെ ടൂർണമെന്റിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്‌തിരുന്നു.

17 വർഷം നീണ്ട ക്ലബ് കരിയറിൽ വെസ്റ്റ് ഹാം, ലിവർപൂൾ, ബാഴ്‌സലോണ എന്നിവയാണ് മഷറാനോ കളിച്ച പ്രധാന ക്ലബുകൾ. ഇതിൽ ബാഴ്‌സലോണക്കൊപ്പം അഞ്ചു ലീഗ് കിരീടങ്ങളും രണ്ടു ചാമ്പ്യൻസ് ലീഗും താരം സ്വന്തമാക്കിയിട്ടുണ്ട്.

അടിസ്ഥാന തലത്തിൽ ഫുട്ബോൾ വികസിപ്പിക്കാനും സീനിയർ ടീമിനും ജൂനിയർ ടീമിനും ഒരേ ശൈലി വികസിപ്പിക്കാനും പ്രവർത്തിച്ച മഷറാനോ U20 ടീമിന്റെ പരിശീലകനാവുന്നത് സീനിയർ ടീമിനും ഗുണപരമായ കാര്യമാണ്. ഇതുവഴി നിരവധി മികച്ച താരങ്ങൾ ദേശീയ ടീമിലേക്ക് ഉയർന്നു വരുമെന്നു തന്നെ കരുതാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit