Football in Malayalam

രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തണമെന്ന നിർദ്ദേശത്തെ പിന്തുണച്ച് മഷറാനോ

Sreejith N
France v Argentina: Round of 16 - 2018 FIFA World Cup Russia
France v Argentina: Round of 16 - 2018 FIFA World Cup Russia / Alexander Hassenstein/Getty Images
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷം കൂടുമ്പോൾ നടത്തണമെന്ന ആശയം സ്വീകാര്യമാണെന്ന് മുൻ അർജന്റീന താരം ഹാവിയർ മഷെറാനോ. മുൻ ആഴ്‌സണൽ പരിശീലകനും ഇപ്പോൾ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെന്റിന്റെ മേധാവിയുമായ ആഴ്‌സൺ വെങ്ങറാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടു വെച്ചത്. ലോകം അതിവേഗത്തിൽ മുന്നോട്ടു പോകുന്ന വർത്തമാന കാലഘട്ടത്തിൽ അതു പ്രസക്തമാണെന്നാണ് മഷറാനോയുടെയും അഭിപ്രായം.

"ലോകം വളരെയധികം മാറിയിരിക്കുന്നു, അതു വേഗത്തിലാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതും. മുൻപ് സാധാരണമായി കരുതിയിരുന്ന കാലചക്രങ്ങൾ ഇപ്പോൾ അങ്ങിനെയല്ല. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇവന്റ് കാണുന്നതിനു വേണ്ടി എല്ലാവരും നാല് വർഷം കാത്തിരിക്കേണ്ടി വരുന്നത് കുറച്ചധികമാണെന്ന് ഞാൻ കരുതുന്നു." ഇഎഫ്ഇയോട് മഷറാനോ പറഞ്ഞു.

അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് ക്ലബ് ഫുട്ബോൾ മത്സരങ്ങളെക്കാൾ മേന്മയുണ്ടെന്നും മഷറാനോ അതിനൊപ്പം സൂചിപ്പിച്ചു. "മുൻപ്, പ്രാദേശിക ക്ലബുകൾ അവരുടെ രാജ്യങ്ങളെയും ഒരു പരിധി വരെ പ്രതിനിധാനം ചെയ്‌തിരുന്നു. കാരണം ഭൂരിഭാഗം കളിക്കാരും ആ രാജ്യത്തു നിന്നുമാണ് വന്നിരുന്നത്."

ഇപ്പോൾ, പ്രത്യേകിച്ചും യൂറോപ്പിൽ, ഇന്റർനാഷണൽ ടൂർണമെന്റുകൾ ഏറ്റവും മികച്ച ഫുട്ബോൾ കാണാൻ കഴിയുന്ന ഇടങ്ങളാണ്. ഒരു ടീമിനും മറ്റൊരു ടീമിന്റെ കളിക്കാരനെ വാങ്ങാൻ കഴിയില്ല. അവിടെ നമ്മൾ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, ആദരവിനും, രാജ്യത്തിനും വേണ്ടി കളിക്കുന്നു. വലിയ കരാറുകളോ, പ്രതിഫലമോ, കൊടുക്കൽ വാങ്ങലുകളോ അതിലുൾപ്പെടുന്നില്ല." മഷറാനോ വ്യക്തമാക്കി.

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്നത് ടൂർണമെന്റിന്റെ മൂല്യം ഇല്ലാതാക്കുമെന്ന വാദങ്ങളെ മഷറാനോ തള്ളിക്കളഞ്ഞു. അത് യാഥാസ്ഥികമായ ചിന്താഗതിയാണെന്നും ടൂർണമെന്റിൽ മാറ്റം വന്നു കഴിയുമ്പോൾ ആരാധകർക്കത് സ്വീകാര്യമായിത്തുടങ്ങുമെന്നും പറഞ്ഞ മഷറാനോ ചാമ്പ്യൻസ് ലീഗടക്കമുള്ള ടൂർണമെന്റുകൾ എല്ലാ വർഷവും വിജയകരമായി നടത്തുന്നതും ചൂണ്ടിക്കാട്ടി.

facebooktwitterreddit