അടിതെറ്റി കൊമ്പന്‍മാര്‍; കേരള ബ്ലാസ്‌റ്റേഴ്‌സിനെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ജംഷെഡ്പൂർ എഫ്‌സി

ജംഷഡ്പുര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ജംഷഡ്‌പൂർ പരാജയപ്പെടുത്തിയത്. മുന്നേറ്റനിരയിൽ അല്‍വാരോ വാസ്‌കിസിനൊപ്പം അഡ്രിയാൻ ലൂണയെ അണിനിരത്തിയായിരുന്നു വുകമനോവിച്ച് താരങ്ങളെ കളത്തിലിറക്കിയത്. എന്നാല്‍ വുകമനോവിച്ചിന്റെ ഈ നീക്കം തുടക്കത്തിലേ പാളുകയായിരുന്നു.
മത്സരത്തെ നിയന്ത്രിക്കുന്ന ലൂണയെ മധ്യനിരയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ കളിയുടെ ഗതി മാറുമായിരുന്നു. മത്സരത്തിന്റെ 45ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ജംഷഡ്പുര്‍ എഫ്.സിയുടെ ആദ്യ ഗോള്‍. ഇതോടെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിറകിലായി. രണ്ടാം പകുതി തുടങ്ങിയ ഉടനെ 48ാം മിനുട്ടില്‍ വീണ്ടും ജംഷഡ്പുരിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഗ്രെഗ് സ്റ്റുവര്‍ട്ടിന് പിഴച്ചില്ല. സ്‌കോര്‍ 2-0.
പലപ്പോഴും മോശം റഫറിയിങ്ങും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ നന്നായി ബാധിച്ചു. തീര്‍ത്തും തെറ്റായി തീരുമാനത്തിലൂടെയായിരുന്നു റഫറി ജംഷഡ്പുരിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. 53ാം മിനുട്ടില്‍ ഡാനിയേല്‍ ചുകുവുകൂടി ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സമ്മര്‍ദത്തിലായി. എങ്കിലും ജംഷഡ്പുര്‍ ഗോള്‍മുഖത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് ഇരച്ചെത്തിക്കൊണ്ടിരുന്നു. പക്ഷെ ഫിനിഷ് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നന്നേ പാടുപെട്ടു.
മൂന്ന് ഗോളിന്റെ ലീഡ് നേടിയിട്ടും ജംഷഡ്പുര്‍ എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ കോട്ടക്കെട്ടി തടഞ്ഞത് കൊണ്ടായിരുന്നു ക്ലീന്‍ ഷീറ്റുമായി മത്സരം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. തോല്‍വി പിണഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 14 മത്സരത്തില്‍ 23 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ഫെബ്രുവരി 14ന് ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.