എ.ടി.കെ മോഹൻ ബഗാനെ വീഴ്ത്തി ഐ.എസ്.എല്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി ജംഷഡ്പുര്‍ എഫ്.സി

ഐ.എസ്.എല്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി ജംഷഡ്പുര്‍ എഫ്.സി. അവസാനമായി നടന്ന നിര്‍ണായക മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയതോടെയാണ് ജംഷഡ്പുര്‍ ആദ്യമായി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയത്. ജംഷഡ്പുര്‍ എഫ്.സിക്ക് കിരീടം നേടാന്‍ ഒരു സമനിലയെങ്കിലും മതിയായിരുന്നു. എന്നാല്‍ എ.ടി.കെക്ക് രണ്ട് ഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്നു.
ആദ്യ പകുതിയില്‍ ജംഷഡ്പുര്‍ എഫ്.സി സമനിലക്ക് വേണ്ടിയായിരുന്നു കളിച്ച്. എ.ടി.കെ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ജംഷഡ്പുര്‍ പ്രതിരോധിച്ച് നിന്നു. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു ജംഷഡ്പുരിന്റെ ഗോള്‍ പിറന്നത്.
എ.ടി.കെ ബോക്സിന് മുന്നില്‍ നിന്ന് 56ാം മിനുട്ടില്‍ ഋത്വിക് ദാസായിരുന്നു ജംഷഡ്പുര്‍ എഫ്.സിക്ക് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ എ.ടി.കെ ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. പീറ്റര്‍ ഹാര്‍ഡ്ലിയുടെ നേതൃത്വത്തില്‍ അണിനിരന്ന ജംഷഡ്പുര്‍ പ്രതിരോധം എ.ടി.കെ ശ്രമങ്ങള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരുന്നു. സമനില ഗോളിനായി ശ്രമിച്ചുകൊണ്ടിരുന്ന എ.ടി.കെ 17 ഷോട്ടുകളാണ് ജംഷഡ്പുരിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി തൊടുത്തത്.
ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റാവുകയും ചെയ്തു. 68 ശതമാനവും പന്ത് എ.ടി.കെയുടെ കൈവശമായിരുന്നു. എങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഏഴ് കോര്‍ണറും എ.ടി.കെക്ക് അനുകൂലമായി ലഭിച്ചു. പക്ഷെ ജംഷഡ്പുര്‍ എഫ്.സിയുടെ പ്രതിരോധത്തിന് മുന്നില്‍ എ.ടി.കെയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.