90min EXCLUSIVE: എയ്ഡി ബൂത്ത്റോയ്ഡ് ജംഷെഡ്പൂർ എഫ്സി പരിശീലകസ്ഥാനത്തേക്ക്


മുൻ വാറ്റ്ഫോർഡ് പരിശീലകനായ എയ്ഡി ബൂത്ത്റോയ്ഡ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ജംഷെഡ്പൂർ എഫ്സിയുടെ അടുത്ത പരിശീലകനായി ചുമതലയേൽക്കും. പരിശീലകസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ ബൂത്ത്റോയ്ഡും ജംഷെഡ്പൂർ എഫ്സിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
ബൂത്ത്റോയ്ഡിനെ പരിശീലകനായി നിയമിച്ചിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നോ അല്ലെങ്കിൽ നാളെയോ ഉണ്ടാകുമെന്നാണ് 90min മനസിലാക്കുന്നത്.
വാറ്റ്ഫോർഡ്, കോൾചെസ്റ്റർ യുണൈറ്റഡ്, കോവെൻട്രി സിറ്റി, നോർത്താംപ്ടൺ ടൗൺ, ഇംഗ്ലണ്ട് അണ്ടർ 20, ഇംഗ്ലണ്ട് അണ്ടർ 19, ഇംഗ്ലണ്ട് അണ്ടർ 21 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ബൂത്ത്റോയ്ഡ് ഏറ്റവുമൊടുവിൽ കഴിഞ്ഞ മാസം നോർത്തേൺ അയർലണ്ട് ദേശിയ ടീമിന്റെ കോച്ചിങ് സ്റ്റാഫിലേക്ക് ഹ്രസ്വകാല അടിസ്ഥാനത്തിൽ ചേക്കേറിയിരുന്നു.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ സീസണിന്റെ അവസാനം ജംഷെഡ്പൂർ എഫ്സി വിട്ട ഓവൻ കോയിലിന് പകരക്കാരനായാണ് ബൂത്ത്റോയ്ഡ് വരുന്നത്. കോയിൽ ക്ലബ് വിട്ടത് മുതൽ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു ജംഷെഡ്പൂർ.
കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയ ജംഷെഡ്പൂരിനെ മുന്നോട്ട് നയിക്കുകയെന്ന ഉത്തരവാദിത്തമാണ് ബൂത്ത്റോയ്ഡിന് മുന്നിലുള്ളത്.