മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചുവരവ് ക്ലബ്ബിലെ ഈ 4 താരങ്ങളെ ബാധിക്കും; മുന്നറിയിപ്പുമായി കാരഗർ

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് ക്ലബ്ബിലെ നാലോളം താരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ ഇതിഹാസ താരമായ ജാമി കാരഗർ. കഴിഞ്ഞ ദിവസം ഡെയിലി ടെലഗ്രാഫിൽ എഴുതിയ കോളത്തിലാണ് റൊണാൾഡോയുടെ വരവോടെ യുണൈറ്റഡിൽ തിരിച്ചടി ലഭിക്കുന്ന താരങ്ങൾ ആരൊക്കെയെന്നും ഇതെന്ത് കൊണ്ടെന്നും കരഗർ വിശദീകരിച്ചത്.
റൊണാൾഡോ ഫിറ്റ് ആയിരിക്കുമ്പോൾ സെന്റർ ഫോർവേഡ് ആയിട്ടാകും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുകയെന്ന് ചൂണ്ടിക്കാട്ടുന്ന കാരഗർ ഇതോടെ മറ്റുള്ളവരുടെ സ്ഥാനങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും വ്യക്തമാക്കി. ഇത് ടീം ബാലൻസിനേയും പ്രകടനങ്ങളിലെ സ്ഥിരതയേയും ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
റൊണാൾഡോയുടെ ടീമിലെ റോൾ പ്രധാനമായും ജേഡൻ സാഞ്ചോ, പോൾ പോഗ്ബ, എഡിൻസൺ കവാനി, മാർക്കസ് റാഷ്ഫോർഡ് എന്നിവരെ ബാധിക്കുമെന്നാണ് കരഗർ പറയുന്നത്. നിലവിൽ തന്റെ ഇഷ്ടപ്പെട്ട സ്ഥാനത്തിനായി ഗ്രീൻ വുഡിനോട് പോരാടേണ്ടി വരുന്നതിനാൽ സാഞ്ചോക്ക് ഇപ്പോൾത്തന്നെ പ്രതികൂലം പ്രഭാവം ക്ലബ്ബിൽ അനുഭവപ്പെടുന്നുണ്ടാകാമെന്നും ഇതിനൊപ്പം മുൻ ലിവർപൂൾ താരം പറഞ്ഞു.
"ഏറ്റവും പെട്ടെന്ന് ഇത് ബാധിച്ചത് സാഞ്ചോയെയാണ്. തനിക്ക് പ്രിയപ്പെട്ട വലത് വശത്ത് കളിക്കാൻ അദ്ദേഹം ഗ്രീൻവുഡുമായി പോരാടുകയാണ്. പോഗ്ബയിലും ഇത് ചില പരിണിതഫലങ്ങളുണ്ടാക്കുന്നു. പ്രോത്സാഹജനകമായ തുടക്കത്തിന് ശേഷം വോൾവ്സിനെതിരെയും, ന്യൂകാസിലിനെതിരെയും അദ്ദേഹം സെന്റർ മിഡ്ഫീൽഡിൽ തിരിച്ചെത്തി. യുണൈറ്റഡ് കരിയറിൽ അദ്ദേഹത്തിനെ അലട്ടിയ അതേ പോരായ്മകൾ നമ്മൾ വീണ്ടും കണ്ടു." കാരഗർ പറഞ്ഞു.
Cristiano Ronaldo 'causes as many problems as he solves' for Manchester United according to Jamie Carragher! ?
— Bet9ja (@Bet9jaOfficial) September 17, 2021
Agree? ? pic.twitter.com/VnxYWCefY2
പരിക്കിൽ നിന്ന് മോചിതനായെത്തുന്ന മാർക്കസ് റാഷ്ഫോഡിനെ നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എവിടെ ഉൾക്കൊള്ളിക്കുമെന്ന് ചോദിക്കുന്ന കാരഗർ കവാനിയെ എവിടെ കളിപ്പിക്കുമെന്നുള്ള കാര്യത്തിലും ചോദ്യചിഹ്നമുയർത്തുന്നു.
അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഉജ്ജ്വല ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തിരിച്ചു വരവിന് ശേഷം ക്ലബ്ബിനായി 2 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ റോണോ 3 ഗോളുകളും ഇതു വരെ നേടിക്കഴിഞ്ഞു.