"റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മോശമാക്കി"- പോർച്ചുഗൽ താരത്തിനെതിരെ ജെമീ കരാഗർ

Jamie Carragher Taken Dig At Cristiano Ronaldo After Man Utd Transfer Request
Jamie Carragher Taken Dig At Cristiano Ronaldo After Man Utd Transfer Request / James Gill - Danehouse/GettyImages
facebooktwitterreddit

മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ശക്തമായി വന്നു കൊണ്ടിരിക്കെ താരത്തിനെതിരെ വിമർശനവുമായി ലിവർപൂൾ ഇതിഹാസം ജെമീ കരാഗർ. മാഞ്ചസ്റ്റർ യുണൈറ്റഡിന് വിടണമെന്നറിയിച്ച റൊണാൾഡോ കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറാതിരുന്നതിന്റെ മതിപ്പു കൂടി ഇല്ലാതാക്കിയെന്നാണ് കരാഗർ പറയുന്നത്.

കഴിഞ്ഞ ദിവസം ദി ടൈംസ് ആണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള അഭ്യർത്ഥന നടത്തിയെന്ന് റിപ്പോർട്ടു ചെയ്‌തത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് ശരിയെന്നു തോന്നുന്ന ഓഫർ ലഭിക്കുകയാണെങ്കിൽ ക്ലബ് വിടാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചതിലൂടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്ന ഏതെങ്കിലും ടീമിലേക്ക് ചേക്കേറാനാണ് റൊണാൾഡോ ആഗ്രഹിക്കുന്നതെന്നു കൂടിയാണ് വ്യക്തമാകുന്നത്.

"എന്തു ചെയ്യുമെന്നു ഞാൻ കരുതിയോ അതു തന്നെയാണ് റൊണാൾഡോ ചെയ്‌തത്. ഗോളുകൾ നേടി, പക്ഷെ ഒരു ടീമിനെ മോശമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള സ്നേഹം കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയെ തഴഞ്ഞുവെന്ന ആശയം കൂടി ഈ ട്രാൻസ്‌ഫർ അപേക്ഷയിലൂടെ ഇല്ലാതായിട്ടുണ്ട്." റൊണാൾഡോ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന സ്കൈ സ്പോർട്ട്സിന്റെ വാർത്ത ഷെയർ ചെയ്‌ത ശേഷം കരാഗർ ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ സമ്മറിൽ യുവന്റസിൽ നിന്നും റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന് ഏവരും ഉറപ്പിച്ച സമയത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്‌ഫർ ഹൈജാക്ക് ചെയ്യുന്നത്. തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ടീമിന്റെ ടോപ് സ്കോററായി മാറി സീസൺ പൂർത്തിയാക്കിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് സീസണിൽ നടത്തിയത്. അതേസമയം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നേടുകയും ചെയ്‌തു.

ഈ സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ല എന്നതിനു പുറമെ ട്രാൻസ്‌ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിൽ ഇടപെടുന്നില്ലെന്നതും റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നു. എറിക് ടെൻ ഹാഗിനു കീഴിൽ ടീം മികച്ചതായി വരാൻ ഇനിയും വൈകുമെന്നിരിക്കെ കിരീടങ്ങൾക്കു വേണ്ടി പൊരുതുന്ന ടീമിലേക്ക് ചേക്കേറാനാവും താരം ഉദ്ദേശിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.