Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്‌നങ്ങൾ റൊണാൾഡോ പരിഹരിക്കുകയല്ല, അത് കൂട്ടുകയാണ് ചെയ്‌തതെന്ന്‌ കരാഗർ

Sreejith N
Manchester United v Everton - Premier League
Manchester United v Everton - Premier League / Visionhaus/Getty Images
facebooktwitterreddit

ഒത്തിണക്കത്തോടെ കളിക്കുന്നതിനു പകരം വ്യക്തികളിൽ കേന്ദ്രീകരിച്ചു നിന്നിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടിയെത്തിയതോടെ പ്രശ്‌നങ്ങൾ വർധിക്കുകയാണു ചെയ്‌തതെന്ന്‌ പ്രീമിയർ ലീഗിലെ ഇതിഹാസതാരമായ ജേമീ കരാഗർ. മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോർച്ചുഗൽ നായകൻറെ സാന്നിധ്യം കൊണ്ടായില്ലെന്നും, മറിച്ച് അത് കൂടുകയാണ് ചെയ്തതെന്നും കരാഗർ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റൊണാൾഡോ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട് എങ്കിലും ടീമിന്റെ പ്രകടനം സ്ഥിരതയില്ലാതെ തുടരുകയാണ്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും രണ്ടു ജയം മാത്രം സ്വന്തമാക്കിയ ടീമിനെതിരെ വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കെയാണ് കരാഗറുടെ പ്രതികരണം.

"അവർ ഒരു ടീമെന്നതിനു പകരം വ്യക്തികൾ നിറഞ്ഞ ഒരു കൂട്ടമായി നിലനിൽക്കയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ അത് ഇല്ലാതാക്കുന്നതിനു പകരം അതിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണു ചെയ്‌തത്‌. അതുകൊണ്ടാണ്, വളരെ മികച്ചൊരു സ്‌ക്വാഡ് സ്വന്തമായി ഉണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു മൂന്നു ടീമുകൾക്കൊപ്പം എത്താതിരുന്നത്."

"അവസാനത്തെ രണ്ടു ഹോം മത്സരങ്ങളിൽ അഞ്ചു പോയിന്റുകൾ നഷ്‌ടമാക്കിയത് അവരുടെ സ്ഥിരതയില്ലായ്‌മ തെളിയിക്കുന്നു," ദി ടെലെഗ്രാഫിനോട് കരാഗർ പറഞ്ഞു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസിയാണ് നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതെങ്കിലും ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയാണ് എല്ലാവർക്കും തോൽപ്പിക്കേണ്ടുന്ന ടീമെന്നും കരാഗർ പറഞ്ഞു.

"തോൽപ്പിക്കേണ്ടുന്ന ടീം സിറ്റി തന്നെയാണ്. അഗ്യൂറോക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയാതിരുന്നത് ഒരു ചോദ്യചിഹ്നം ആയിരുന്നെങ്കിലും അത് ഗ്വാർഡിയോളക്ക് വളരെ സ്വാഭാവികമായ കാര്യമായിരുന്നു. വളരെ കടുപ്പമേറിയ രണ്ടു വേദികളിലേക്ക് പോയ അവർ നാല് പോയിന്റുകൾ നേടിയെടുത്ത് വീണ്ടും കിരീടം നേടാൻ യോഗ്യതയുണ്ടെന്നു തെളിയിച്ചു. അവരെ പിടിച്ചു നിർത്താൻ ബുദ്ധിമുട്ടായിരിക്കും," കരാഗർ അഭിപ്രയപ്പെട്ടു.


facebooktwitterreddit