Football in Malayalam

'കളിക്കാരെ ചുമക്കാൻ പറ്റുന്ന കാലം കഴിഞ്ഞു പോയി'; മെസ്സിക്കും നെയ്മറിനും എംബാപ്പക്കുമെതിരെ രൂക്ഷ വിമർശനവുമായി കരാഗർ

Gokul Manthara
Manchester City v Paris Saint-Germain: Group A - UEFA Champions League
Manchester City v Paris Saint-Germain: Group A - UEFA Champions League / Marc Atkins/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടതിന് പിന്നാലെ ടീമിലെ മുന്നേറ്റ ത്രയമായ ലയണൽ മെസി, കെയ്ലിൻ എംബാപ്പെ, നെയ്മർ ജൂനിയർ എന്നിവരെ രൂക്ഷമായി വിമർശിച്ച് ലിവർപൂൾ ഇതിഹാസവും പ്രശസ്ത ഫുട്ബോൾ കമന്റേറ്ററുമായ ജാമി കരാഗർ. മെസി, എംബാപ്പെ, നെയ്മർ എന്നിവർ പിഎസ്ജിയിലെ കാഴ്ചക്കാരായ യാത്രക്കാർ മാത്രമാണെന്ന് തുറന്നടിച്ച കരാഗർ, ഈ മൂന്ന് പേരെയും വഹിക്കുന്ന ഫ്രഞ്ച് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

മെസി, നെയ്മർ, എംബാപ്പെ എന്നിവർ അണിനിരക്കുന്ന പിഎസ്ജിയുടെ പേരുകേട്ട മുന്നേറ്റ നിരയുടെ വർക്ക് റേറ്റ് വളരെ കുറവാണെന്നാണ് കരാഗർ പറയുന്നത്. ഇത് മൂലം (മോശം വർക്ക് റേറ്റ്) ടീമിന്റെ പ്രകടനവും പിന്നോട്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ടീമുകൾക്ക് കളിക്കാരെ ചുമക്കാൻ പറ്റുന്ന കാലം കഴിഞ്ഞുപോയെന്നും പാരാമൗണ്ട് പ്ലസിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

"ടീമുകൾക്ക് ഇപ്പോൾ ആരെയും ചുമക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ചാമ്പ്യൻസ് ലീഗ് വിജയിക്കുമെന്ന് ഞാൻ കരുതുന്ന നാല് ടീമുകളെ പറയാം, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ബയേൺ മ്യൂണിക്ക്. ഇവരാരും അവരുടെ ടീമുകളിൽ ഒരു യാത്രക്കാരനെ (കാഴ്ചക്കാരായ) വഹിക്കുന്നില്ല‌."

"അവർ (പിഎസ്ജി) മൂന്ന് പേരെ (കാഴ്ചക്കാരെ) വഹിക്കുന്നു. അവർക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ഒട്ടും സാധ്യതയില്ല‌." കരാഗർ പറഞ്ഞു നിർത്തി.

എംബാപ്പെയുടെ കാര്യത്തിലാണ് തനിക്ക് ഏറ്റവും വലിയ നിരാശയെന്നും സംസാരത്തിനിടെ കരാഗർ വ്യക്തമാക്കി. പ്രായം മുപ്പത്തിനാല് പിന്നിട്ട മെസിയുടെ പ്രകടനം ഇങ്ങനെയാകുന്നത് ഒരു പരിധി വരെ മനസിലാക്കാൻ തനിക്ക് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ ഇരുപത്തിരണ്ടുവയസ് മാത്രം പ്രായമുള്ള എംബാപ്പെയുടെ പ്രകടനത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.

"മറ്റാരേക്കാളും എംബാപ്പെയുടെ കാര്യത്തിലാണ് എനിക്ക് കൂടുതൽ നിരാശ തോന്നുന്നത്. മെസിയെ ഒരു പരിധി വരെ മനസിലാക്കാൻ എനിക്ക് കഴിയും. അവന് മുപ്പത്തിനാല് വയസുണ്ട്‌. ചില നിമിഷങ്ങളിൽ അവൻ അവനെത്തന്നെ രക്ഷിക്കേണ്ടതുണ്ട്. അവർക്ക് അവനെ ചുമക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോളും കരുതുന്നില്ല‌, ബാഴ്സലോണ ദീർഘനാളായി ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ലെന്ന് മറക്കരുത്. എന്നാൽ എംബാപ്പെക്ക് 22 വയസാണുള്ളത്. മാഞ്ചസ്റ്റർ സിറ്റിയെപ്പോലൊരു മുൻ നിര ടീമിനെതിരെ അദ്ദേഹം സ്പ്രിറ്റ് ചെയ്യുകയും, തന്റെ സഹതാരങ്ങളെ സഹായിക്കുകയും വേണ്ടിയിരുന്നു." കരാഗർ പറഞ്ഞു നിർത്തി.

facebooktwitterreddit