Football in Malayalam

വാൻ ഡൈക്ക് തിരിച്ചെത്തിയതു കൊണ്ട് മാത്രം ലിവർപൂളിനു പ്രീമിയർ ലീഗ് നേടാനാവില്ല, മുന്നറിയിപ്പുമായി കരാഗർ

Sreejith N
Liverpool v Leeds United - Premier League
Liverpool v Leeds United - Premier League / Pool/Getty Images
facebooktwitterreddit

ഒൻപതു മാസങ്ങൾക്കു ശേഷം ലിവർപൂൾ ടീമിനു വേണ്ടി കളത്തിലിറങ്ങിയ വാൻ ഡൈക്ക് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകുമെന്നതു കൊണ്ട് പ്രീമിയർ ലീഗ് കിരീടം പ്രതീക്ഷിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പുമായി ജേമീ കരാഗർ. ഗുരുതരമായി പരിക്കേറ്റു കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമായ വാൻ ഡൈക്ക് അതിനു ശേഷം ഹെർത്താ ബെർലിനെതിരായ പ്രീ സീസൺ മത്സരത്തിലാണ് ലിവർപൂളിനു വേണ്ടി കളിച്ചത്.

ശസ്ത്രക്രിയ പൂർത്തിയാക്കിയത്തിനു ശേഷം ഇപ്പോഴും മുഴുവൻ ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മുപ്പതു വയസുള്ള താരത്തെ ധൃതി പിടിച്ച് കളത്തിലേക്കിറക്കരുതെന്ന് കരാഗർ പറഞ്ഞു. വളരെക്കാലം പുറത്തിരുന്ന താരത്തിന് പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നാണ് ലിവർപൂൾ ഇതിഹാസം പറയുന്നത്.

"ഞങ്ങൾ ശ്രദ്ധിക്കണമെന്നും യർഗൻ ക്ളോപ്പ് അതു ചെയ്യുമെന്നുമാണ് ഞാൻ കരുതുന്നത്. വിർജിൽ വാൻ ഡൈക്ക് ലിവർപൂളിലേക്ക് വന്നതു കൊണ്ട് ലിവർപൂൾ സ്വാഭാവികമായും വരുന്ന സീസണിൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുമെന്നു കരുതാൻ കഴിയില്ലെന്നാണ് എനിക്കു തോന്നുന്നത്." ഒരു സോക്കർ എയ്‌ഡ്‌ ഇവന്റിനിടെ കരാഗർ പറഞ്ഞു.

"വളരെ ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്നതു കൊണ്ട് ധൃതി പിടിച്ചു തിരിച്ചു വരാതിരിക്കാൻ താരം ശ്രദ്ധിക്കണം. മികവിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞാൽ വാൻ ഡൈക്കായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച സെൻട്രൽ ഡിഫെൻഡർ. അടുത്ത അഞ്ചോ ആറോ വർഷത്തേക്കാണ് ലോകത്തിലെ ഏറ്റവും മികച്ച സെൻട്രൽ ഡിഫെൻഡറെ ലിവർപൂളിനു വേണ്ടത്, അഞ്ചോ ആറോ ആഴ്ചകൾക്കല്ല." കരാഗർ വ്യക്തമാക്കി.

സീസണിലെ ആദ്യത്തെ മത്സരത്തിൽ വാൻ ഡൈക്ക് മോശം പ്രകടനം നടത്തിയാലും അത് ലോകാവസാനമല്ലെന്നും താരത്തിനു പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ അവസരം നൽകുകയാണ് വേണ്ടതെന്നും പറഞ്ഞ കരാഗർ ഡച്ച് ഡിഫൻഡർ ഏതാനും മത്സരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞാൽ അതെല്ലാവരെയും സന്തോഷിപ്പിക്കുമെന്നും വ്യക്തമാക്കി.


facebooktwitterreddit