ന്യൂകാസിലിന്റെ പുതിയ ഉടമകൾ ആദ്യം സ്വന്തമാക്കുക പ്രീമിയർ ലീഗ് താരത്തെ?റഡാറിലുള്ളത് ഇംഗ്ലീഷ് സെന്റർബാക്ക് ടർകോവ്സ്കി

Burnley v Manchester United - Premier League
Burnley v Manchester United - Premier League / Pool/GettyImages
facebooktwitterreddit


സൗദി അറേബ്യൻ കൺസോർഷ്യം ഏറ്റെടുത്തതോടെ പ്രീമിയർ ലീഗിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായി മാറിയ ന്യൂകാസിൽ യുണൈറ്റഡ് ഒരു പറ്റം സൂപ്പർ താരങ്ങളെ ടീമിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളിലാണ് ഇപ്പോളെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്. ഫിലിപ് കുട്ടീഞ്ഞോ, മൗറോ ഇക്കാർഡി തുടങ്ങിയ കളികാരെ ടീമിലേക്ക് കൊണ്ടു വരാൻ ന്യൂകാസിലിന്റെ പുതിയ ഉടമകൾക്ക് താല്പര്യമുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. അതിനിടെ ഇപ്പോളിതാ പുതിയ ഉടമസ്ഥർ ന്യൂകാസിലേക്ക് ആദ്യം കൊണ്ടു വരുന്ന താരങ്ങളിലൊരാൾ പ്രീമിയർ ലീഗ്‌ ക്ലബ്ബായ ബേൺലിയുടെ ഇംഗ്ലീഷ് പ്രതിരോധ താരം ജെയിംസ് ടർകോവ്സ്കി ആയിരിക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നു.

അടുത്ത വർഷം ബേൺലിയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന ടർകോവ്സ്കിയും ന്യൂകാസിലിലേക്ക് ചേക്കേറുന്നതിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും കരാർ കാലാവധി കഴിയാറായതിനാൽ ജനുവരിയിൽ അദ്ദേഹത്തെ ന്യൂകാസിലിന് കൈമാറാൻ ബേൺലിക്കും എതിർപ്പുണ്ടാകില്ലെന്നാണ് സൂചന. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ‌ ദി ടെലിഗ്രാഫ് ആണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്‌. ഇരുപത്തിയെട്ടുകാരനായ ടർകോവ്സ്കി നിലവിൽ ബേൺലി പ്രതിരോധത്തിന്റെ നട്ടെല്ലാണ്. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ബേൺലിയുടെ ഇത്തവണത്തെ എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ചിരുന്നു.

അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് മുന്നേറ്റ താരം ജെസി ലിംഗാർഡും ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ ഉടമസ്ഥരുടെ റഡാറിലുണ്ടെന്നാണ് സൂചനകൾ‌. എന്നാൽ ന്യൂകാസിലേക്ക് പോകാൻ ലിംഗാർഡ് താല്ലര്യപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നതാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ദീർഘകാല അഭിലാഷമെന്ന് വ്യക്തമാക്കിയ ക്ലബ്ബ് ഡയറക്ടർ അമാൻഡ സ്റ്റാവ്ലി എല്ലാത്തരത്തിലും ടീമിൽ നിക്ഷേപം നടത്താൻ പുതിയ ഉടമസ്ഥർ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വരുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് ഒരു പറ്റം വമ്പൻ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തുമെന്നാണ് ക്ലബ്ബിന്റെ പുതിയ ഡയറക്ടറായ അമാൻഡ സ്റ്റാവ്ലിയുടെ വാക്കുകളിൽ നിന്ന് ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്. പ്രധാനമായും ടർകോവ്സ്കി, മൗറോ ഇക്കാർഡി, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവരുടെ പേരാണ് ഇപ്പോൾ ക്ലബ്ബുമായി ബന്ധപ്പെടുത്തി പറഞ്ഞു കേൾക്കുന്നത്. ഇതിൽ ആരൊക്കെ ക്ലബ്ബിലേക്ക് വരുമെന്ന കാര്യം കണ്ടു തന്നെ അറിയേണ്ടി വരും.

facebooktwitterreddit