അടുത്ത സീസണിൽ എവിടെ കളിക്കുമെന്നറിയില്ല, ഇറ്റലിയിലേക്കു ചേക്കേറാൻ താൽപര്യമുണ്ടെന്ന് ഹമെസ് റോഡ്രിഗസ്


അടുത്ത സീസണിൽ ഏതു ക്ലബ്ബിലായിരിക്കും കളിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നു വെളിപ്പെടുത്തി കൊളംബിയൻ താരം ഹമെസ് റോഡ്രിഗസ്. കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിലേക്ക് ചേക്കേറി റാഫ ബെനിറ്റസ് എവെർട്ടൺ പരിശീലകനായി എത്തിയതോടെ ഹമെസിന്റെ ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും താരം ഇതുവരെയും മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിൽ തീരുമാനമായിട്ടില്ല.
അതേസമയം ഇറ്റലിയിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം മുൻ റയൽ മാഡ്രിഡ് താരം പ്രകടിപ്പിച്ചിട്ടുണ്ട്. കരിയറിൽ യൂറോപ്പിലെ മറ്റു പ്രധാന ലീഗുകളിലെല്ലാം കളിച്ചിട്ടുള്ള ഹമെസിന് ഇനി ബാക്കിയുള്ളത് ഇറ്റാലിയൻ ലീഗ് മാത്രമാണ്. എസി മിലാൻ താരത്തിനു വേണ്ടി ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് ഹമെസിന്റെ പ്രതികരണം മാർക്ക പുറത്തു വിട്ടത്.
"ഞാൻ നിലവിൽ മറ്റെല്ലാ ലീഗുകളിലും കളിച്ചിട്ടുണ്ട്. ഇനി ഇറ്റലി മാത്രമാണ് ബാക്കിയുള്ളത്. അവിടെ കളിച്ച് ആ റെക്കോർഡ് സ്വന്തമാക്കാൻ കഴിയുന്നത് നല്ല കാര്യം തന്നെ. എന്നാൽ അത് സംഭവിക്കുമോയെന്ന കാര്യത്തിൽ എനിക്കുറപ്പില്ല."
റയൽ മാഡ്രിഡിലേക്ക് ഇനി മടങ്ങിപ്പോകാൻ യാതൊരു സാധ്യതയുമില്ലെന്നു വ്യക്തമാക്കിയ ഹമെസ് റോഡ്രിഗസ് എസി മിലാൻ ട്രാൻസ്ഫർ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. "ഞാനെവിടെയാണ് കളിക്കുകയെന്ന് എനിക്കറിയില്ല. അതൊരു സങ്കീർണമായ വിഷയമാണ്. എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയാത്തതിനാൽ അതിനൊരു മറുപടി നൽകാൻ കഴിയില്ല, ഞാൻ നല്ല രീതിയിൽ പരിശീലനം നടത്തുന്നുണ്ട്."
"ഫുട്ബോളിൽ എന്താണ് സംഭവിക്കുകയെന്നു നമുക്ക് പറയാൻ കഴിയില്ല. ഞാൻ നല്ല രീതിയിൽ തുടരുന്നുണ്ടെന്നും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും മാത്രമേ എനിക്കറിയൂ. ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഞാൻ എന്തു സംഭവിക്കുമെന്നു കാത്തിരിക്കയാണ്." ഹമെസ് വ്യക്തമാക്കി.