Football in Malayalam

ഹാമെസ് റൊഡ്രീഗസ് എവർട്ടൺ വിടുന്നു, അടുത്ത തട്ടകം ഖത്തറെന്ന് സൂചന

By Gokul Manthara
Manchester United v Everton - Pre-season Friendly
Manchester United v Everton - Pre-season Friendly / Visionhaus/Getty Images
facebooktwitterreddit

പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടൺ വിടാൻ തീരുമാനിച്ച കൊളംബിയൻ സൂപ്പർ താരം ഹാമെസ് റൊഡ്രീഗസ് ഖത്തർ ക്ലബ്ബായ അൽ റയ്യാനിൽ ചേർന്നേക്കുമെന്ന് സൂചന. ട്രാൻസ്ഫർ കാര്യത്തിൽ ഖത്തർ ക്ലബ്ബുമായി ചർച്ച നടത്താൻ അദ്ദേഹം അങ്ങോട്ടേക്ക് പറന്നതായും ഉടൻ തന്നെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത‌ പുറത്ത് വരുമെന്നുമാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്ന് എവർട്ടണിലെത്തിയ റൊഡ്രീഗസ് രണ്ട് വർഷ കരാറായിരുന്നു ഇംഗ്ലീഷ് ക്ലബ്ബുമായി ഒപ്പുവെച്ചിരുന്നത്. ഒരു വർഷത്തേക്ക് കരാർ ദീർഘിപ്പിക്കാനുള്ള ഓപ്ഷനും എവർട്ടണുമായുള്ള റൊഡ്രീഗസിന്റെ കരാറിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇങ്ങനെയാണെങ്കിലും ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ താരം തീരുമാനിക്കുകയായിരുന്നു.

താരവുമായി വേർപിരിയാൻ എവർട്ടണും തയ്യാറായിരുന്നുവെങ്കിലുംട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുന്നേ അനുയോജ്യമായ ഓഫർ എത്താതിരുന്നതിനാൽ അദ്ദേഹത്തെ വിൽക്കാൻ എവർട്ടണ് കഴിഞ്ഞില്ല. എന്നാൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചുറപ്പിച്ച താരം ഈ സീസണിൽ ഇതു വരെ ഒരു തവണ പോലും എവർട്ടണിന്റെ മത്സരദിന സ്ക്വാഡിൽ ഇടം പിടിച്ചിട്ടുമില്ല.

അതിനിടെയാണ് താരം ഖത്തറിലെ വമ്പൻ ക്ലബ്ബായ അൽ റയ്യാനിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോർട്ട് ഇ എസ് പി എൻ പുറത്ത് വിട്ടത്. ഖത്തറിലെ ട്രാൻസ്ഫർ ജാലകം സെപ്റ്റംബർ 30 വരെയുള്ളതിനാൽ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ താരം ഖത്തറിലേക്ക് വിമാനം കയറിയെന്നും എന്നാൽ കരാർ കാര്യത്തിൽ ഇരു കൂട്ടരും തമ്മിൽ ഇതു വരെ ധാരണയിലൊന്നുമെത്തിയിട്ടില്ലെന്നും ഇഎസ് പി എന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം 2020 ൽ വലിയ പ്രതീക്ഷകളോടെ എവർട്ടണിലെത്തിയ റൊഡ്രീഗസ്, വെറും 26 മത്സരങ്ങളിൽ മാത്രം അവർക്കായി കളിച്ചതിന് ശേഷമാണ് ഇപ്പോൾ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും 9 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

facebooktwitterreddit