സാഞ്ചോയെ പുതിയ റോളിൽ പരീക്ഷിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്; താരം പരിശീലനം നടത്തുന്നത് വിംഗ് ബാക്കായി

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ പ്രതീക്ഷകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരമാണ് ജേഡൻ സാഞ്ചോ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റ നിരയിലെ പ്രതിഭാധാരാളിത്തം ടീമിൽ അദ്ദേഹത്തിന്റെ കളി സമയം വല്ലാണ്ട് കുറയാൻ കാരണമായി. 2021-22 സീസണിൽ 13 മത്സരങ്ങളിലായി ആകെ 564 മിനുറ്റുകൾ മാത്രമാണ് ഈ യുവ വിംഗർക്ക് കളിക്കാനായത്. സാഞ്ചോയെ തുടർച്ചയായി പകരക്കാരനാക്കുന്നതിനോടും പുറത്തിരുത്തുന്നതിനോടും താല്പര്യമില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ റോളിൽ അദ്ദേഹത്തെ പരീക്ഷിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോളത്തെ തന്ത്രങ്ങളിൽ സാഞ്ചോയെ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തുക ബുദ്ധിമുട്ടായതിനാൽ അദ്ദേഹത്തെ ഒരു പ്രതിരോധ താരമായി കളിപ്പിക്കുന്നതിനാണ് റെഡ് ഡെവിൾസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ ഒരു വിംഗ് ബാക്കായാണ് ക്ലബ്ബിനൊപ്പം പരിശീലനം നടത്തുന്നതെന്നാണ് ദി അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നത്. അമിതമായി പ്രതിരോധിക്കുന്ന ടീമുകൾക്കെതിരെ ഒരു റൈറ്റ് ബാക്കായി സാഞ്ചോയെ ഉപയോഗിക്കാനാണ് ക്ലബ്ബിന്റെ പദ്ധതിയെന്ന് ഇംഗ്ലീഷ് മാധ്യമത്തിന്റെ കുറിപ്പിൽ പറയുന്നു.
? Coaches have tried Sancho as a right wing-back in sessions in recent weeks and, with Wan-Bissaka’s attacking ability in question, Solskjær may yet turn to the tactic against teams expected to sit in should he continue to use the 3-4-1-2 system. [@lauriewhitwell]
— UtdDistrict (@UtdDistrict) November 9, 2021
സാഞ്ചോ പ്രതിരോധത്തിലേക്ക് എത്തുമ്പോൾ ആരോൺ വാൻ ബിസാക്കക്കാവും പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമാവുക. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതേ വരെ തന്റേതായ ഒരു പ്രഭാവം സൃഷ്ടിക്കാനായിട്ടില്ലാത്ത സാഞ്ചോ ഭാവിയിൽ തനിക്ക് അതിന് സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണെന്നും താരത്തിന്റെ കഴിവുകളിൽ ക്ലബ്ബിലാർക്കും സംശയമില്ലെന്നും ദി അത്ലറ്റിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജെർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന സാഞ്ചോയെ ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. കാത്തിരുന്ന് സ്വന്തമാക്കിയ സാഞ്ചോയുമായി അഞ്ച് വർഷത്തെ കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒപ്പു വെച്ചിരിക്കുന്നത്.