Manchester United

ജേഡന്‍ സാഞ്ചോക്ക് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടാമായേക്കും

Haroon Rasheed
Sancho could miss the remainder of the season
Sancho could miss the remainder of the season / Catherine Ivill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് യുവതാരം ജേഡന്‍ സാഞ്ചോക്ക് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് വെളിപ്പെടുത്തി റാൽഫ് റാങ്നിക്ക്. ടോണ്‍സിലിറ്റിസ് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് താരത്തിന് സീസണ്‍ നഷ്ടമാവുകയെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊണ്ടയില്‍ നീര്‍ക്കെട്ട് പോലുള്ള മുഴ രൂപപ്പെട്ട് ഭക്ഷണം കഴിക്കാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രോഗമാണിത്.

രോഗം കാരണം സാഞ്ചോ ചെല്‍സിക്കെതിരേയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയിരുന്നില്ല. മറ്റൊരു പ്രതിവിധിയും ഇല്ലെങ്കിൽ ഈ സീസണ്‍ അവസാനത്തോടെ ഓപറേഷന്‍ നടത്തി താരത്തിന്റെ തൊണ്ടയിലെ നീര്‍ക്കെട്ട് മാറ്റുമെന്ന് യുണൈറ്റഡ് പരിശീലകന്‍ റാല്‍ഫ് റാങ്‌നിക്ക് പറഞ്ഞതായും ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രീമിയര്‍ ലീഗില്‍ ഇനി യുണൈറ്റഡിന് മൂന്ന് മത്സരങ്ങള്‍കൂടിയേ ബാക്കിയുള്ളു. ഇതിലെ ആദ്യ രണ്ടെണ്ണം മെയ് മൂന്നിനും, ഏഴിനുമാണ്. ഈ മത്സരങ്ങളിൽ സാഞ്ചോ കളിയ്ക്കാൻ സാധ്യത വളരെ കുറവാണെന്ന് റാങ്നിക്ക് വ്യക്തമാക്കുന്നു.

ബ്രെന്റ്‌ഫോര്‍ഡിനെതിരേയാണ് യുണൈറ്റഡിന്റെ സീസണിലെ അവസാന ഹോം മത്സരം. ഈ മത്സരത്തില്‍ സാഞ്ചോക്ക് കളിക്കാന്‍ സാധ്യത കുറവാണെന്ന് വ്യക്തമാക്കിയ റാങ്‌നിക്ക് സീസണ്‍ അവസാനം വരെയും അദ്ദേഹം ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കിയത്.

ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് യുണൈറ്റഡിലെത്തിയ സാഞ്ചോക്ക് തുടക്കത്തില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് കീഴില്‍ അവസരം തീരെ കുറവായിരുന്ന സാഞ്ചോക്ക് റാങ്‌നിക്കിന്റെ വരവോടെയായിരുന്നു അവസരം ലഭിച്ചു തുടങ്ങിയത്. അവസരം ലഭിച്ചപ്പോഴെല്ലാം മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ഈ സീസണില്‍ 38 മത്സരത്തില്‍ നിന്നായി അഞ്ചു ഗോളുകളാണ് സാഞ്ചോ ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടി നേടിയിട്ടുള്ളത്.


facebooktwitterreddit