Football in Malayalam

പെനാൽറ്റിയുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടി നൽകി ജാക്ക് ഗ്രീലിഷ്

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Laurence Griffiths/Getty Images
facebooktwitterreddit

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ നടന്ന ഷൂട്ടൗട്ടിൽ തനിക്ക് പെനാൽറ്റിയെടുക്കാൻ താൽപര്യമില്ലായിരുന്നുവെന്ന വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്. ഹാരി കേനും ഹാരി മാഗ്വയറും ആദ്യത്തെ രണ്ടു കിക്കുകൾ ഗോളാക്കി മാറ്റിയെങ്കിലും അവസാനത്തെ മൂന്നു കിക്കുകൾ നഷ്ടപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇംഗ്ലണ്ടിനു ഫൈനലിൽ തോൽവി വഴങ്ങേണ്ടി വന്നത്.

ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയ അവസാനത്തെ മൂന്നു പെനാൽറ്റികൾ മർകസ് റാഷ്‌ഫോഡ്, ജാഡൻ സാഞ്ചോ, ബുകായോ സാക്കോ എന്നിവരാണ് നഷ്ടപ്പെടുത്തിയത്. അതിൽ ബുകായോ സാക്ക ഇതുവരെ തന്റെ സീനിയർ കരിയറിൽ ഒരു പെനാൽറ്റി പോലും എടുത്തിട്ടില്ലാത്ത താരമാണ്. ഇതേത്തുടർന്ന് സ്റ്റെർലിങ്, ഗ്രീലിഷ് എന്നിവർ പെനാൽറ്റിയെടുക്കാൻ തയ്യാറായില്ലെന്നു പറഞ്ഞ് മുൻ ഇംഗ്ലണ്ട് താരം റോയ് കീൻ ഇവരെ വിമർശിച്ചിരുന്നു.

"നിങ്ങൾ സ്റ്റെർലിംഗോ ഗ്രീലിഷോ ആണെങ്കിൽ ഒരു യുവതാരം നിങ്ങളെ മറികടന്ന് പെനാൽറ്റിയെടുക്കുന്നതും നോക്കി അവിടെയിരിക്കാൻ കഴിയില്ല. ഒരു നാണം കുണുങ്ങിയായ പത്തൊൻപതുകാരൻ നിങ്ങൾക്കു മുൻപേ പോകുന്നത് അനുവദിക്കാൻ കഴിയില്ല. അവർക്ക് കൂടുതൽ പരിചയസമ്പത്തുണ്ട്, സ്റ്റെർലിങ് കിരീടങ്ങൾ നേടിയിട്ടുണ്ട്. അവർ ഈ കുട്ടികൾക്കു മുന്നിൽ നിൽക്കേണ്ടവരായിരുന്നു." ഐടിവിയോട് കീൻ പറഞ്ഞു.

ട്വിറ്ററിലാണ് കീനിനു ഗ്രീലിഷ് മറുപടി നൽകിയത്. "എനിക്കൊരു പെനാൽറ്റി എടുക്കണമെന്നു ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടൂർണ്ണമെന്റിലുടനീളം മികച്ച തീരുമാനങ്ങളെടുത്ത പരിശീലകൻ ഫൈനലിലും ഒരു തീരുമാനമെടുത്തു. എന്നാൽ എനിക്ക് പെനാൽറ്റിയെടുക്കാൻ താൽപര്യമുണ്ടായിരുന്നിരിക്കെ അതുണ്ടായിരുന്നില്ലെന്ന് ആളുകൾ പറയാൻ ഞാൻ അനുവദിക്കില്ല." താരം കുറിച്ചു.

പെനാൽറ്റി നഷ്ടപ്പെടുത്തിയ മൂന്നു താരങ്ങൾക്കുമെതിരെ വംശീയാധിക്ഷേപം ഉൾപ്പെടെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. അതേസമയം പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് പരാജയപ്പെടാനുള്ള കാരണം താൻ തന്നെയാണെന്നാണ് മത്സരത്തിനു ശേഷം സൗത്ത്‌ഗേറ്റ് പറഞ്ഞത്.


facebooktwitterreddit