കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ തീരുമാനിച്ചതിന് പിന്നിൽ ആ കാരണങ്ങൾ; വെളിപ്പെടുത്തലുമായി ഇവാൻ വുകോമനോവിച്ച്

എട്ടാം സീസൺ ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത് സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ്. 2016 ന് ശേഷം ഒരിക്കൽപ്പോലും ഐ എസ് എല്ലിന്റെ പ്ലേ ഓഫിലെത്താൻ സാധിച്ചിട്ടില്ലാത്ത കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായെത്തുമ്പോൾ വുകോമനോവിച്ചിന് മുന്നിലുള്ള ഉത്തരവാദിത്വങ്ങൾ വളരെ വലുതാണ്. ഈ ഉത്തരവാദിത്വങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിന് കഴിയുമെന്നും ബ്ലാസ്റ്റേഴ്സിനെ ഇക്കുറി മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ് മഞ്ഞപ്പടയുടെ ആരാധകർ.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണ് മുന്നോടിയായുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകൾ ഈ മാസാവസാനം കൊച്ചിയിൽ ആരംഭിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി ഖേൽനൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ഓഫർ സ്വീകരിച്ചതിനും, ഇന്ത്യൻ ഫുട്ബോളിലേക്ക് വരാൻ തീരുമാനിച്ചതിനുമുള്ള കാരണങ്ങൾ ക്ലബ്ബിന്റെ പുതിയ പരിശീലകനായ വുകോമനോവിച്ച് വെളിപ്പെടുത്തി.
കേരളാബ്ലാസ്റ്റേഴ്സിലേക്ക് വരാൻ തീരുമാനിച്ചതിന് കാരണമെന്തെന്ന ഖേൽനൗവിന്റെ ചോദ്യത്തിന് വുകോമനോവിച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഫുട്ബോളിൽ ചിലപ്പോൾ കാര്യങ്ങൾ അതിവേഗം സംഭവിക്കും. കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വളരെ പ്രതീക്ഷ നൽകുന്നതായിരുന്നു. അന്ന് മുതൽക്കേ ഒരു പോസിറ്റീവ് വികാരമാണ് എനിക്ക് അനുഭവപ്പെട്ടത്. ആൾക്കാരെ കണ്ടുമുട്ടുമ്പോൾ ആ പോസിറ്റീവ് വികാരം നേടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ നല്ലതാണ്. ഞാനുമായുള്ള സംഭാഷണങ്ങളിൽ കരോളിസ് സ്കിൻകിസ് കാണിച്ച പ്രൊഫഷണലിസവും പരാമർശിക്കപ്പെടേണ്ടതുണ്ട്. ആ പ്രൊഫഷണലിസം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നു." വുകോമനോവിച്ച് പറഞ്ഞു.
Khel Now had a lengthy chat with @ivanvuko19 last week.
— Khel Now (@KhelNow) July 25, 2021
In a bid to give justice to all details, we will be releasing the interview in parts. Here is Part 1, which is about why he chose @KeralaBlasters and more.
Read below. ?#IndianFootball #ISL #KBFChttps://t.co/8jnnW0C60Q
ബ്ലാസ്റ്റേഴ്സിൽ ചേരാനുള്ള മറ്റൊരു പ്രധാന കാരണം ക്ലബ്ബിന്റെ ആരാധകരായിരുന്നുവെന്നും സംസാരത്തിനിടെ ഇവാൻ വ്യക്തമാക്കി. ക്ലബ്ബിനെ പിന്തുണക്കുന്ന കൂറ്റൻ ആരാധകവൃന്ദത്തെക്കുറിച്ച് അറിഞ്ഞത് വളരെ മികച്ച അനുഭവമായിരുന്നുവെന്നും, ഉടൻ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിച്ചുവെന്നും ചൂണ്ടിക്കാട്ടിയ സെർബിയൻ പരിശീലകൻ, ആ തീരുമാനത്തിൽ താനിപ്പോൾ വളരെയധികം സന്തുഷ്ടനാണെന്നും കൂട്ടിച്ചേർത്തു.
വെല്ലുവിളികൾ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അത് തന്നെയാണ് ഇന്ത്യൻ ഫുട്ബോളിലേക്ക് വരാൻ തന്നെ പ്രേരിപ്പിച്ചതെന്നും അഭിമുഖത്തിനിടെ ഇവാൻ വ്യക്തമാക്കി. "ഈ ജോലി രസകരവും ആവേശകരവുമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഐ എസ് എൽ വളർന്നു വരുന്ന ലീഗാണ്. വരും വർഷങ്ങളിൽ ഇത് വലുതും കൂടുതൽ മികച്ചതുമാകും. ഇന്ത്യൻ ഫുട്ബോൾ വർഷം തോറും മെച്ചപ്പെടുമെന്നും ഞാൻ കരുതുന്നു." ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കൂട്ടിച്ചേർത്തു.