Football in Malayalam

ജംഷെഡ്പൂരിനെതിരെ രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണയെ പിൻവലിച്ചതിന്റെ കാരണം വ്യക്തമാക്കി ഇവാൻ വുകൊമനോവിച്ച്

Ali Shibil Roshan
Ivan Vukomanovic explained the Adrian Luna substitution in the 61st minute of their clash with Jamshedpur FC
Ivan Vukomanovic explained the Adrian Luna substitution in the 61st minute of their clash with Jamshedpur FC / Indian Super League
facebooktwitterreddit

ഇന്നലെ നടന്ന, 1-1ന് സമനിലയിൽ കലാശിച്ച കേരളാ ബ്ലാസ്റ്റേഴ്‌സും ജംഷെഡ്പൂർ എഫ്‌സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണയെ പിൻവലിച്ചതിനെ കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ച്. രണ്ടാം പകുതിയിൽ ലൂണക്ക് പ്രശ്‌നങ്ങൾ അനുഭവപ്പെട്ടത് കൊണ്ടാണ് താരത്തെ പിൻവലിച്ചതെന്ന് വ്യക്തമാക്കിയ വുകൊമനോവിച്ച്, ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ താരമുണ്ടാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

"ലൂണ കഴിഞ്ഞ മൂന്ന് മത്സരങ്ങളും ഉയർന്ന തീവ്രതയിലാണ് കളിച്ചത്. രണ്ടാം പകുതിയിൽ അവന് ചില പ്രശ്നം തോന്നി. അത് മോശമാക്കാനോ, റിസ്ക് എടുക്കാനോ ഞങ്ങൾ ആഗ്രഹിച്ചില്ല. അതിനാൽ കാര്യങ്ങൾ മുൻകൂട്ടി കണ്ട്, ഞങ്ങൾ അവനെ പിൻവലിച്ചു," ലൂണയെ പിൻവലിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ വുകൊമനോവിച്ച് പറഞ്ഞു.

"അടുത്ത മത്സരത്തിന് അവൻ റെഡി ആവണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുള്ളത് കൊണ്ടാണത്. [താരത്തിന്] കുഴപ്പൊന്നുമില്ലെന്നും, ഒന്നും മോശമല്ലെന്നും പ്രതീക്ഷിക്കുന്നു. തനിക്ക് ചെറിയ പ്രശ്‌നം തോന്നിയിട്ടുണ്ടെന്ന് അവൻ ഞങ്ങളോട് പറഞ്ഞു. അതിനാൽ മെഡിക്കൽ സ്റ്റാഫ് എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. അടുത്ത മത്സരത്തിന് അവൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കൂട്ടിച്ചേർത്തു.

അതേ സമയം, 14ആം മിനുറ്റിൽ ഗ്രെഗ് സ്റ്റുവാർട്ട് നേടിയ മനോഹര ഗോളിൽ മുന്നിലെത്തിയ ജംഷെഡ്പൂരിനെ 27ആം മിനുറ്റിൽ സഹൽ നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തളച്ചത്. സമനിലയോടെ, 8 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുകളുമായി ജംഷെഡ്പൂർ ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും, ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തുമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit