Football in Malayalam

ഇന്നു ബ്ലാസ്‌റ്റേഴ്‌സിനു മരണപ്പോരാട്ടം, കരുത്തു കാണിക്കാൻ തയ്യാറെടുത്തു കഴിഞ്ഞെന്ന് വുകോമനോവിച്ച്

Sreejith N
Ivan Vukomanovic
Ivan Vukomanovic / Indian Super League
facebooktwitterreddit

കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഇന്നു രാത്രി നടക്കാനിരിക്കുന്ന ഈ സീസൺ ഐഎസ്എല്ലിലെ തന്നെ ഏറ്റവും നിർണായകമായ മത്സരത്തിൽ കരുത്തു കാണിക്കാൻ തങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. പതിനെട്ടു മത്സരങ്ങൾ വീതം കളിച്ച് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റിയും ഒരു പോയിന്റ് വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഇന്നു നടക്കുന്ന മത്സരം ആരു പ്ലേ ഓഫിൽ കടക്കുമെന്ന വിധിയെഴുതുന്നതു കൂടിയാണ്.

"ഇതൊരു നല്ല മത്സരമാണ്. നിങ്ങൾ സീനിയർ കളിക്കാരനാണോ ജൂനിയർ കളിക്കാരനാണോ എന്നതിൽ കാര്യമില്ല. ഇതൊരു നല്ല അനുഭവമായിരിക്കും. ഇതൊരു മികച്ച മത്സരവും മികച്ച എതിരാളികളുമാണ്, ഒരു ഫുട്ബോൾ താരമെന്ന നിലയിൽ ആഗ്രഹിക്കേണ്ടതും അതു തന്നെയാണ്. ഞങ്ങൾ മൈതാനത്ത് ഞങ്ങളുടെ കരുത്ത് കാണിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു." മത്സരത്തിനു മുൻപേ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വുകോമനോവിച്ച് പറഞ്ഞു.

ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ഐഎസ്എൽ ക്ലബുകളിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 34 ഗോളുകൾ നേടിയ അവർക്കു മുന്നിൽ 41 ഗോളുകൾ നേടിയ ഹൈദെരാബാദും 36 ഗോളുകൾ വീതം നേടിയ എടികെ മോഹൻ ബഗാനും ജംഷഡ്‌പൂരും മാത്രമാണുള്ളത്. ബ്ലാസ്റ്റേഴ്‌സ് 27 ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ എങ്കിലും 19 ഗോളുകൾ മാത്രം വഴങ്ങിയ അവർ ഐഎസ്എല്ലിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമാണ്.

"ഞങ്ങളുടെ ശൈലിയിൽ ഞങ്ങൾക്ക് പൊസഷൻ ആവശ്യമുണ്ട്, ഹൈ പ്രസ് ചെയ്യാനും ക്ലീൻ ഷീറ്റുകൾ നേടാനും ഞങ്ങൾ ശ്രമിക്കും. മത്സരത്തിൽ രണ്ടു ടീമുകളും ഈ ഘടകങ്ങളെല്ലാം കാഴ്‌ച വെക്കാൻ ശ്രമിക്കും. ഞാൻ കരുതുന്നത് നാളത്തെ മത്സരത്തിൽ ഫുട്ബോളിലെ എല്ലാ ഘടകങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും എന്നാണു." ഇന്നലെ മാധ്യമങ്ങളോട് വുകോമനോവിച്ച് പറഞ്ഞു.

മത്സരത്തിൽ ടീം നൂറു ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വുകോമനോവിച്ച് ഓർമിപ്പിച്ചു. ചിലപ്പോൾ എതിരാളികൾ വളരെ വ്യത്യസ്‌തമായ ശൈലിയിലാവും കളിക്കുകയെന്നും മനോഭാവവും കരുത്തും പ്രകടമാക്കി മൂന്നു പോയിന്റും ടീം പൊരുതി നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit