Football in Malayalam

സന്ദേശ് ജിങ്കന്റെ വിവാദപരാമർശങ്ങളിൽ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ച്

Sreejith N
Kerala Blasters coach Ivan Vukomanovic
Kerala Blasters coach Ivan Vukomanovic / Indian Super League
facebooktwitterreddit

കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ നടന്ന ഐഎസ്എൽ മത്സരത്തിനു ശേഷം സ്ത്രീത്വത്തെ മോശമാക്കുന്ന രീതിയിൽ സന്ദേശ് ജിങ്കൻ നടത്തിയ പരാമർശവും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് ഇവാൻ വുകോമനോവിച്ച്. താരങ്ങൾ വൈകാരികമായി പറയുന്ന വാക്കുകൾക്ക് നല്ലതും ചീത്തയുമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന പറഞ്ഞ അദ്ദേഹം വനിതാ ഫുട്ബോളിനെ പിന്തുണച്ചു സംസാരിക്കുകയും ചെയ്‌തു.

"മത്സരത്തിന് ശേഷം വികാരങ്ങളും പ്രതികരണങ്ങളും ഉണ്ടാകാം. കളിക്കാർ പല കാര്യങ്ങളും പറയാനും അത് വൈറലായി നല്ലതും ചീത്തയുമായ പ്രതികരണം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഒരു മുതിർന്ന ആളെന്ന നിലയിൽ നിങ്ങൾക്ക് സോഷ്യൽ മീഡിയ എങ്ങിനെ ഉപയോഗിക്കണം എന്നറിയേണ്ടതുണ്ട്." ഹൈദെരാബാദ് എഫ്‌സിയുമായുള്ള മത്സരത്തിനു മുന്നോടിയായി ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

"ഞങ്ങൾ പെണ്ണുങ്ങൾക്കെതിരെയാണ് കളിച്ചത്" എന്നു ജിങ്കൻ പരാമർശം നടത്തിയ വെളിച്ചത്തിൽ വനിതാ ഫുട്ബോളിനെയും അദ്ദേഹം പിന്തുണച്ചു. "തുല്യമായ അവകാശങ്ങൾ നൽകും എന്നതിനാൽ തന്നെ വനിതാഫുട്ബോൾ ഫുട്ബോളിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ്. യുവാക്കൾ, വയസായവർ, പുരുഷൻ, സ്ത്രീ അങ്ങിനെ എല്ലാവർക്കും ഫുട്ബോൾ കളിക്കാൻ അവകാശമുണ്ട്." അദ്ദേഹം പറഞ്ഞു.

ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരെ നിർണായക മത്സരത്തിനായി ടീമിനെ തയ്യാറെടുപ്പിക്കുന്നതിന്റെ യാതൊരു പിരിമുറുക്കവും വുകോമനോവിച്ചിനില്ലായിരുന്നു. നിലവിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരം വിജയിച്ചാൽ ടോപ് ഫോറിലേക്ക് മുന്നേറാൻ കഴിയും.

"ഇതു മറ്റൊരു മത്‌സരം മാത്രമാണ്. അവർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന അവർക്ക് അവിടെയെത്താനുള്ള അർഹതയുണ്ട്. ഞങ്ങൾ നല്ലൊരു മത്സരം കളിക്കുമെന്നു കരുതുന്നു. അവരുടെ ദൗർബല്യങ്ങളും ഞങ്ങളുടെ കരുത്തും കണ്ടെത്തി ഗോളുകൾ നേടാൻ ശ്രമിക്കും. മുന്നിലെത്താൻ വേണ്ടി വളരെ കായികപരമായ ഒരു മത്സരം ഞാൻ പ്രതീക്ഷിക്കുന്നു." വുകോമനോവിച്ച് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit