Football in Malayalam

റാംഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകുമെന്നത് മറ്റ് ടീമുകൾക്ക് അശുഭകരമായ വാർത്തയെന്ന് യർഗൻ ക്ലോപ്പ്

Gokul Manthara
RB Salzburg v RB Leipzig - UEFA Europa League - Group B
RB Salzburg v RB Leipzig - UEFA Europa League - Group B / Alexander Hassenstein/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയർക്ക് പകരക്കാരനായി റാൾഫ് റാങ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായെത്തുമെന്നത് മറ്റ് ടീമുകൾക്ക് അശുഭകരമായ വാർത്തയെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്‌. റാങ്നിക്കിന്റെ വരവ് യുണൈറ്റഡിനെ പിച്ചിൽ കൂടുതൽ സംഘടിതമാക്കുമെന്ന് ചൂണ്ടിക്കാട്ടിയ ക്ലോപ്പ്, വളരെ മികച്ച, പരിചയസമ്പത്തുള്ള പരിശീലകനാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. സതാംപ്ടണെതിരെ ഇന്ന് നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.‌

"നിർഭാഗ്യവശാൽ ഒരു മികച്ച പരിശീലകൻ ഇംഗ്ല‌ണ്ടിലേക്ക് വരുന്നു‌, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്. അദ്ദേഹം തീർച്ചയായും പരിചയസമ്പന്നനായ ഒരു മാനേജറാണ്‌. ഏറ്റവും പ്രശസ്‌തമായി, ഒന്നുമല്ലാതിരുന്ന ഹോഫൻഹെയ്‌മിനെയും, ലെപ്‌സിഗിനെയും [മറ്റു ക്ലബുകൾക്ക്] യഥാർത്ഥ ഭീഷണിയാകുന്ന, ജർമനിയിലെ യഥാർത്ഥ ശക്തികളാകുന്ന നിലയിലേക്ക് അദ്ദേഹം പണിതു."

"അദ്ദേഹം വ്യത്യസ്തമായ നിരവധി ജോലികൾ ഫുട്ബോളിൽ ചെയ്തിട്ടുണ്ട്. പക്ഷേ ഒരു പരിശീലകനാകുന്നതായിരുന്നു എല്ലായ്‌പോഴും അദ്ദേഹത്തിന്റെ പ്രഥമ താല്പര്യം. തീർച്ചയായും അത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഴിവും.

"(റാങ്നിക്കിന് കീഴിൽ) പിച്ചിൽ യുണൈറ്റഡ് സംഘടിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നു . അക്കാര്യം ഞങ്ങൾ മനസിലാക്കേണ്ടതുണ്ട്. തീർച്ചയായും ഇത് മറ്റ് ടീമുകൾക്ക് നല്ലൊരു വാർത്തയല്ല," ക്ലോപ്പ് പറഞ്ഞു.

അതേ സമയം ആറ് മാസ കരാറിലാണ് റാങ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുന്നതെന്നാണ് സൂചനകൾ. ഈ കരാർ പ്രകാരം മെയ് വരെയാകും അദ്ദേഹം റെഡ് ഡെവിൾസിന്റെ ഇടക്കാല പരിശീലകനായി പ്രവർത്തിക്കുക. തുടർന്ന് ക്ലബ്ബിന്റെ പരിശീലക വേഷം അഴിച്ചു വെക്കുന്ന റാങ്നിക്ക് തുടർന്നുള്ള രണ്ട് വർഷക്കാലത്തേക്ക് ക്ലബ്ബിന്റെ കൺസൾട്ടൻസി ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.


facebooktwitterreddit