മെസിയെ തൊണ്ണൂറു മിനുട്ടും നിയന്ത്രിക്കുക പ്രയാസം, പിഎസ്ജിയുടെ വിജയമുറപ്പിച്ച ഗോളിനെക്കുറിച്ച് ഗ്വാർഡിയോള


പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ക്ലബിനു വേണ്ടിയുള്ള തന്റെ ആദ്യത്തെ ഗോൾ നേടുന്നതിന് ഏതാനും മത്സരങ്ങൾ കാത്തിരിക്കേണ്ടി വന്നെങ്കിലും അത് ഏറ്റവും മനോഹരമായി ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു. എഴുപത്തിനാലാം മിനുട്ടിൽ മധ്യവരക്കടുത്തു നിന്നും പന്തുമായി കുതിച്ച താരം ബോക്സിനരികിൽ വെച്ച് എംബാപ്പക്കു പന്തു കൈമാറി തിരിച്ചു ലഭിച്ച പാസിൽ നിന്നുമാണ് എഡേഴ്സണെ കീഴടക്കിയ ഷോട്ടുതിർത്തത്.
സ്വന്തം മൈതാനത്തു വെച്ചാണ് മത്സരം നടന്നതെങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ അപേക്ഷിച്ച് വളരെ കുറവ് ഗോൾശ്രമം മാത്രമേ പിഎസ്ജി നടത്തിയുള്ളൂ. സിറ്റി നിരവധി മുന്നേറ്റങ്ങൾ സംഘടിപ്പിച്ചെങ്കിലും ഒരെണ്ണം പോലും ഗോളിലേക്കെത്തിക്കാൻ കഴിയാതെ വന്നപ്പോൾ കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു. ചെറിയ പഴുതുകൾ പോലും ഉപയോഗപ്പെടുത്താൻ കഴിയുന്ന മികച്ച താരങ്ങൾ ഫ്രഞ്ച് ക്ലബിനൊപ്പം ഉണ്ടെന്നു തന്നെയാണ് മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ പെപ് ഗ്വാർഡിയോള പറഞ്ഞതും.
?️ "We dealt with PSG first of all, but we know it's impossible to control Leo for 90 minutes."
— Sky Sports News (@SkySportsNews) September 29, 2021
Pep Guardiola on Lionel Messi after the Argentinian helped sink Manchester City in the #UCL last night.
"അവർക്ക് പഴുതുകൾ ഉപയോഗിക്കാൻ കഴിയും. അസാധാരമായ കഴിവുള്ള താരങ്ങളാണവർ, മെസി-സുവാരസ്-നെയ്മർ എന്നിവർ ബാഴ്സയിൽ കളിച്ചിരുന്നതു പോലെ. എല്ലാ ടീമുകൾക്കും ഇതുപോലത്തെ താരങ്ങളുണ്ടാകില്ല, പിഎസ്ജിക്കൊപ്പം അവരുണ്ട്. അവരെ നിയന്ത്രിക്കാൻ കഴിയില്ല. എനിക്ക് രണ്ടു പരിഹാരങ്ങൾ മാത്രമേ അറിയുകയുള്ളൂ, പ്രതിരോധിക്കുക, പ്രാർത്ഥിക്കുക. അല്ലെങ്കിൽ പന്തെടുത്ത് അവസരങ്ങൾ സൃഷ്ടിക്കുക"
"മെസിയെ തൊണ്ണൂറു മിനുട്ടും നിയന്ത്രിച്ചു നിർത്തുക പ്രയാസമാണ്. താരത്തെ തടുക്കുക പ്രയാസമായതു കൊണ്ടു തന്നെ മെസിക്ക് പന്തു തൊടാൻ ലഭിക്കുന്ന അവസരങ്ങൾ കുറക്കുകയെന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്. നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, ചെയ്യാൻ കഴിയുന്നതും അറിയാവുന്നതുമായ കാര്യങ്ങൾ ഞങ്ങൾ ചെയ്തുവെങ്കിലും ഞങ്ങൾ ഞങ്ങളായി തുടർന്നു. നെയ്മർക്കൊപ്പം മികച്ച കണക്ഷനുകൾ ഉണ്ടാക്കിയ വെറാറ്റിയും ഇന്നു മികച്ച പ്രകടനമാണ് നടത്തിയത്." ഗ്വാർഡിയോള പറഞ്ഞു.
ലയണൽ മെസിയുടെ ഗോളിനൊപ്പം മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങൾ ഒത്തിണക്കം കാണിച്ചു തുടങ്ങിയെന്നത് പിഎസ്ജിക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്. ടീമിന്റെ പ്രതിരോധത്തെക്കുറിച്ചുള്ള പോച്ചട്ടിനോയുടെ ആശങ്കകൾ കുറെയൊക്കെ ഇല്ലാതാക്കാനും ഇന്നലത്തെ മത്സരം കൊണ്ടു കഴിഞ്ഞിട്ടുണ്ട്.